സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ടു വര്‍ഷമായി താല്‍ക്കാലികമായി റദ്ദാക്കിയിരുന്ന മദ്യത്തിന്‍മേലുള്ള 30 ശതമാനം നികുതി ദുബായ് ഭരണകൂടം പുനഃസ്ഥാപിച്ചു. 2025 ജനുവരി ഒന്നുമുതല്‍ നികുതി വീണ്ടും പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്ന് തങ്ങള്‍ക്ക് ഇമെയിലില്‍ അറിയിപ്പ് ലഭിച്ചതായി മദ്യ റീട്ടെയിലര്‍ ആഫ്രിക്കന്‍ ഈസ്റ്റേണ്‍ ദുബായിലെ റസ്റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും നല്‍കിയ സന്ദേശത്തില്‍ അറിയിച്ചു. 2023ലാണ് ദുബായ് മുനിസിപ്പാലിറ്റി എമിറേറ്റിലെ മദ്യവില്‍പ്പനയുടെ 30 ശതമാനം നികുതി ഒരു വര്‍ഷത്തേക്ക് നീക്കം ചെയ്തത്.
”ദയവായി ശ്രദ്ധിക്കുക, ലഹരി പാനീയങ്ങള്‍ വാങ്ങുന്നതിന് 30 ശതമാനം മുനിസിപ്പാലിറ്റി നികുതി 2025 ജനുവരി മുതല്‍ പുനഃസ്ഥാപിക്കുമെന്ന് ദുബായ് സര്‍ക്കാര്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്,’- ആഫ്രിക്കന്‍ + ഈസ്റ്റേണില്‍ നിന്നുള്ള സന്ദേശത്തില്‍ വ്യക്തമാക്കി, ‘ഇത് 2025 ജനുവരി 1 ബുധനാഴ്ച മുതല്‍ ഇന്‍വോയ്സ് ചെയ്യുന്ന എല്ലാ ഓര്‍ഡറുകള്‍ക്കും പുതിയ നികുതി പ്രാബല്യത്തില്‍ വരും. ഈ ഫീസ് പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ദുബായ് മുനിസിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
2023 ജനുവരിയിലാണ് ദുബായ് മുനിസിപ്പാലിറ്റി എമിറേറ്റിലെ മദ്യവില്‍പ്പനയുടെ 30 ശതമാനം നികുതി ഒരു വര്‍ഷത്തേക്ക് നീക്കം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. അത് 2024 ഡിസംബര്‍ അവസാനം വരെ നീട്ടിയിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി നിലവിലുള്ള നികുതിയിളവ് പിന്‍വലിക്കുന്നതായാണ് പുതിയ തീരുമാനം. ഇത് റീട്ടെയില്‍ സ്ഥാപനങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ നേരിട്ട് മദ്യം വാങ്ങുന്നത് കുറയാന്‍ കാരണമാവുമെന്നും അതേസമയം റസ്‌റ്റൊറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതൊരു അവസരമാണെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
നികുതി വീണ്ടും ചുമത്തുന്നത് ഹോട്ടലുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ക്ക് നല്ല അവസരമാണെന്ന് മജസ്റ്റിക് റിട്രീറ്റ് സിറ്റി ഹോട്ടല്‍ ആന്‍ഡ് പെര്‍മിറ്റ് റൂമിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എറ്റി ബാസിന്‍ പറഞ്ഞു. നികുതി വര്‍ധിച്ച സാഹചര്യത്തില്‍ ചില്ലറ വില്‍പ്പനശാലകളില്‍ നിന്നുള്ള നേരിട്ടുള്ള വാങ്ങലുകളെ ആശ്രയിക്കുന്നതിനേക്കാള്‍ അതിഥികള്‍ റസ്റ്റൊറന്റുകളെ കൂടുതല്‍ ആശ്രയിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇവിടങ്ങളില്‍ മദ്യത്തിന് കൂടുതല്‍ ഡിസ്‌കൗണ്ടുകളും ഓഫറും ലഭിക്കുമെന്നതാണ് കാരണം. അതേസമയം, 15 ശതമാനം നികുതിയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു റസ്റ്റോറന്റ് ഉടമ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല