ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ 55 പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമ അടക്കം ആറു പേര്‍ അറസ്റ്റിലായി. നരഹത്യയ്ക്കാണ് ഉടമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഫാക്ടറി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച 40 ഓളം മാനണ്ഡങ്ങളില്‍ സ്ഥാപനം വീഴ്ച വരുത്തിയുന്നതായും തെളിഞ്ഞിട്ടുണ്ട്. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. രാജ്യത്തെ ഏറ്റവും വലിയ പടക്കനിര്‍മാണകേന്ദ്രമായ ശിവകാശിയിലെ ഓംശക്തി ഫയര്‍വര്‍ക്‌സ് ഫാക്ടറിയില്‍ ദീപാവലി കച്ചവടത്തിനായുള്ള പടക്കങ്ങളുടെ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നതിനിടയിലായിരുന്നു നാടിനെ നടക്കിയ ദുരന്തം.
ബുധനാഴ്ച ഉച്ചക്ക് 12.15 മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. വിരുതുനഗര്‍ ജില്ലയിലെ ശിവകാശിയില്‍നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഗോവിന്ദനല്ലൂര്‍ മുതലിപട്ടിയിലെ ‘ഓം ശക്തി ഫയര്‍ വര്‍ക്‌സി’ലായിരുന്നു ദുരന്തം. മരിച്ചവരില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, മലയാളികളുള്ളതായി വിവരമില്ല.
പാല്‍പാണ്ടി എന്നയാളാണ് സ്ഥാപനം ഏറ്റടെുത്ത് നടത്തുന്നത്. പത്ത് ഏക്കറോളം വിസ്തൃതിയുള്ള ഫാക്ടറിയില്‍ 42 പടക്ക നിര്‍മാണ അറകളാണുണ്ടായിരുന്നത്. ഇതില്‍ 40 അറകളും കത്തിയമര്‍ന്നു. 260 ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.ദീപാവലിയോടനുബന്ധിച്ച് വന്‍തോതില്‍ പടക്കം നിര്‍മിക്കവെ ഒരു മുറിയിലുണ്ടായ അഗ്‌നിബാധ നിമിഷങ്ങള്‍ക്കകം മറ്റിടങ്ങളിലേക്കും പടരുകയായിരുന്നു. തുടര്‍ന്ന് വെടിമരുന്ന് ഗോഡൗണിന് തീപിടിച്ചാണ് വന്‍ സ്‌ഫോടനം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല