
സ്വന്തം ലേഖകൻ: മുപ്പതിനായിരത്തിലധികം ജോലി ഒ ഴിവുകള്‍ നികത്താനൊരുങ്ങി യുഎഇയിലെ ആരോഗ്യമേഖല. 2030ഓടെ രാജ്യത്തെ ആരോഗ്യമേഖലയിലെ മുഴുവന്‍ ഒഴിവുകളും നികത്താനാണ് വകുപ്പുകള്‍ ലക്ഷ്യമിടുന്നത്.
കോളിയേഴ്സ് ഹെല്‍ത്ത്കെയര്‍ ആന്റ് എജ്യുക്കേഷന്‍ ഡിവിഷന്റെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട കണക്കനുസരിച്ച് 2030 ഓടെ അബുദാബിയില്‍ 11,000 നഴ്സുമാരുടെയും 5,000 മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഒഴിവുകളുണ്ടാകും. ദുബായില്‍ 6,000 ഫിസിഷ്യന്‍മാരെയും 11,000 നഴ്സുമാരെയുമാണ് ആവശ്യമായി വരിക. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് വര്‍ധിക്കുകയാണ്.
കോവിഡ് മഹാമാരിക്ക് ശേഷം യുഎഇയിലും മുഴുവന്‍ ഗള്‍ഫ് മേഖലയിലും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വലിയ ആവശ്യകതയാണ് ഉണ്ടായിട്ടുള്ളത്. നഴ്‌സുമാരുടെയും ഫിസിഷ്യന്മാരുടെയും ആവശ്യം ഇരട്ടിയിലധികമായി. പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികളെയാണ് കൂടുതലായും നിയമിക്കുക.
സൈക്യാട്രി, എമര്‍ജന്‍സി മെഡിസിന്‍, റേഡിയേഷന്‍ ഓങ്കോളജി, ഇന്റന്‍സീവ് കെയര്‍, ഓര്‍ത്തോപീഡിക് സര്‍ജറി എന്നീ മേഖലകളിലാണ് യുഎഇ കൂടുതലായും ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ലാബ് ടെക്നീഷ്യന്‍, എമര്‍ജന്‍സി ടെക്നീഷ്യന്‍ എന്നീ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് അബുദാബിയിലാകും കൂടുതല്‍ ഡിമാന്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല