സ്വന്തം ലേഖകന്‍: യുകെ ഭീകരവിരുദ്ധ നിയമത്തിലെ നാടുകടത്തല്‍ വകുപ്പ് വിദേശ പ്രഫഷനലുകള്‍ക്കെതിരെ ഉപയോഗിക്കുന്നു; ബ്രിട്ടനില്‍ 30,000 ഇന്ത്യന്‍ പ്രഫഷണലുകള്‍ ഭീമ ഹര്‍ജി നല്‍കി. ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന ദേശീയ സുരക്ഷ നിയമത്തിലെ വകുപ്പുപയോഗിച്ച് വിദേശ പ്രഫഷനലുകള്‍ക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാറിന്റെ നീക്കത്തിനെതിരെയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധം. 38 ഡിഗ്രീസ് കാമ്പയിന്‍ വെബ്‌സൈറ്റിന്റെ ആഭിമുഖ്യത്തിലാണ് ഓണ്‍ലൈനായി ഒപ്പുശേഖരണം നടത്തുന്നത്. വിവാദ വകുപ്പിന്റെ ഇരയായി ജോലി നഷ്ടമായ ഫാര്‍മസ്യൂട്ടിക്കല്‍ വിദഗ്ധ നിഷ മൊഹിതെയാണ് ഈ ഒപ്പുശേഖരണത്തിന് തുടക്കമിട്ടത്.
30,000 ഇന്ത്യന്‍ പ്രഫഷണലുകള്‍ ഒപ്പിട്ട ഹര്‍ജിയാണ് തയാറായത്. രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനുമുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ബ്രിട്ടനില്‍ അഞ്ചു വര്‍ഷം നിയമപരമായി താമസിച്ച ഇന്ത്യക്കാരും പാകിസ്താന്‍കാരും ബംഗ്ലാദേശുകാരും പെര്‍മനന്റ് റസിഡന്‍സി അല്ലെങ്കില്‍ ഇന്‍ഡെഫിനിറ്റ് ലീവ് റ്റു റിമെയ്ന്‍ എന്നിവക്ക് അപേക്ഷിക്കണം. ടയര്‍ വണ്‍ ജനറല്‍ വിസക്ക് അപേക്ഷിക്കാനുള്ള അവസരം 2011ല്‍ റദ്ദാക്കപ്പെട്ടിരുന്നുവെങ്കിലും മേല്‍പറഞ്ഞ രീതികള്‍ വഴി ബ്രിട്ടനില്‍ തുടരാന്‍ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
എന്നാല്‍, ബ്രിട്ടീഷ് കുടിയേറ്റ നിയമത്തിലെ 322(5) വകുപ്പ് ഉപയോഗിച്ച് ഇതിന് തടയിടുകയും നാടുകടത്തുകയും ചെയ്യുകയാണെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി. ഭീകരവാദികള്‍ക്കും കുറ്റവാളികള്‍ക്കും രാജ്യത്ത് തുടരാന്‍ അവസരം നല്‍കാതിരിക്കാനായുള്ള വകുപ്പാണിതെന്നും ഇത് ഈ വിഭാഗത്തില്‍പ്പെടാത്ത പ്രഫഷനലുകളുടെ മേല്‍ നടപ്പാക്കുന്നത് തികഞ്ഞ അന്യായമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇക്കാര്യത്തില്‍ ചില പിശകുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവയില്‍ പുനരാലോചന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുടിയേറ്റ മന്ത്രി കരോലിന്‍ നോക്‌സ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല