സ്വന്തം ലേഖകന്‍: സൈബീരിയയില്‍ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍. സൈബീരിയന്‍ നഗരമായ കെമെറോവൊയിലെ ഒരു ഷോപ്പിങ് മാളിലുണ്ടായ അഗ്‌നിബാധയില്‍ 37 പേര്‍ കൊല്ലപ്പെട്ടു. നാലു നില കെട്ടിടത്തിന്റെ മുകളിലെ നില പൂര്‍ണ്ണമായും കത്തി നശിച്ചു.
നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും നൂറോളം പേരെ രക്ഷപ്പെടുത്തിയതായും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മാളിനുള്ളിലെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററില്‍ അകപ്പെട്ടവരാണ് മരിച്ചവരിലധികവും. തീപിടിത്തതില്‍ തീയേറ്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.
മുകളിലെ നിലകളില്‍ നിന്ന് താഴേക്ക് ചാടി പരിക്കേറ്റവരെയടക്കം പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 37 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല