1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2012

സിറിയയില്‍ ബഷാര്‍ അല്‍ അസാദിനെതിരേ പ്രക്ഷോഭം നടത്തിയ 37 പേരെ ഇന്നലെ സൈന്യം റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണത്തിലൂടെ വധിച്ചു. ബാബാ ആമ്രോ, ഇന്‍ഷാത്, ഖാലിദിസ അല്‍-ബയ്യദ ജില്ലകളിലായിരുന്നു ആക്രമണമുണ്ടായതെന്നു പ്രതിപക്ഷം വ്യക്തമാക്കി.അതിനിടെ ബാഷര്‍ അല്‍ അസദ് സര്‍ക്കാറിനെതിരെ നയതന്ത്രസമ്മര്‍ദം ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തുര്‍ക്കി വിദേശകാര്യമന്ത്രി വ്യാഴാഴ്ച യു.എസ്സിലേക്ക് പോയി.

രാജ്യത്തെ പ്രക്ഷോഭകേന്ദ്രമായ ഹോംസ് നഗരത്തിലാണ് തുടര്‍ച്ചയായ നാലാംദിവസവും സൈന്യം ബോംബ് വര്‍ഷിച്ചത്. ഖലീദിയ, ബാബ് അമറോ, ഇന്‍ഷാത്ത് എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. ബോംബാക്രമണത്തില്‍ 23 പേര്‍ മരിച്ചു. 40 ടാങ്കുകളും മറ്റ് സൈനികസാമഗ്രികളും സജ്ജമാക്കിയ സേനാവ്യൂഹം ഹോംസിനുചുറ്റും നിലയുറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭസമയത്ത് ലിബിയന്‍ നഗരമായ ബെന്‍ഗാസിയിലുണ്ടായ സാഹചര്യത്തിന് സമാനമാണ് ഇപ്പോള്‍ ഹോംസിലേതെന്നാണ് പറയപ്പെടുന്നത്. നഗരത്തോട് ചേര്‍ന്ന സുന്നി ഭൂരിപക്ഷമേഖലകള്‍ സൈന്യം പ്രത്യേകം ലക്ഷ്യമിടുന്നുണ്ടെന്നും ആരോപണമുണ്ട്. ഇവിടങ്ങളില്‍ വെള്ളവും വെളിച്ചവുംപോലും ഇല്ലാതെ നാട്ടുകാര്‍ കഷ്ടപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് സിറിയയിലെ സംഭവവികാസങ്ങളെ ക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തുര്‍ക്കി വിദേശകാര്യമന്ത്രി അഹമ്മദ് ദാവുതോഗ്ലു വാഷിങ്ടണിലേക്ക് പോയി. പ്രധാന സഖ്യരാജ്യമാണ് സിറിയയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അസദ് സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന നിലപാടാണ് തുര്‍ക്കി സ്വീകരിച്ചിരിക്കുന്നത്. സിറിയയിലെ കൂട്ടക്കൊല അവസാനിപ്പിക്കാനും ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും വേണ്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അന്താരാഷ്ട്രയോഗം വിളിക്കാന്‍ തയ്യാറാണെന്ന് വാഷിങ്ടണിലേക്ക് തിരിക്കുംമുമ്പ് മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് നിരീക്ഷകരെ നിയോഗിക്കുകയല്ല വേണ്ടതെന്നും സിറിയന്‍ ജനതയ്‌ക്കൊപ്പം ലോകം മുഴുവനുണ്ടെന്ന ശക്തമായ സന്ദേശം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സിറിയന്‍ദൗത്യം പുനരാരംഭിക്കുന്നതിനെ ക്കുറിച്ച് അറബ് ലീഗ് ചിന്തിക്കണമെന്ന് യു.എന്‍ സെക്രട്ടറിജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. അക്രമം മയപ്പെടാത്തതിനെത്തുടര്‍ന്ന് സിറിയയിലെ നിരീക്ഷകദൗത്യം അറബ്‌ലീഗ് ഉപേക്ഷിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.