1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2019

സ്വന്തം ലേഖകൻ: 3ബ്രിട്ടനിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. എസക്‌സിലെ വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്‌നറിലാണ് ഒരു കൗമാരക്കാരന്റെ അടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ലോറി ഡ്രൈവറും വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയുമായ 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കിഴക്കന്‍ ലണ്ടനിലെ ഒരു വ്യവസായ പാര്‍ക്കില്‍ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ട്രക്ക് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെയ്ല്‍സ് വഴിയാണ് ട്രക്ക് ബള്‍ഗേറിയയില്‍ നിന്നും ബ്രിട്ടനിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. നോര്‍ത്ത് അയര്‍ലന്‍ഡ് സ്വദേശിയാണ് ട്രക്കിന്‍റെ ഡ്രൈവര്‍. ഇയാള്‍ക്ക് 25 വയസ് പ്രായമുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു. ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേങ്ങളും ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ് എന്നാല്‍ ഇതിനു കുറച്ചേറെ സമയം വേണ്ടി വരുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതുന്നു.

കണ്ടെത്തിയ മൃതദേഹങ്ങളില്‍ 38 എണ്ണവും പ്രായപൂര്‍ത്തിയായവരുടേതാണ്. ഒരു മൃതദേഹം കൗമാരപ്രായത്തിലുള്ള ആളുടേതാണ്. ട്രക്ക് കണ്ടെത്തിയ സ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു. ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ചവരാവാം ട്രക്കില്‍ വച്ചു കൊലപ്പെട്ടതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രണ്ട് പതിറ്റാണ്ടിനിടെ സമാനമായ രീതിയിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2000-ൽ ബെൽജിയത്തിൽ നിന്ന് തക്കാളി ലോറിയിൽ ബ്രിട്ടനിലേക്ക് കുടിയേറാൻ ശ്രമിച്ച 58 ചൈനീസ് വംശജർ സമാനരീതിയിൽ കൊല്ലപ്പെട്ടിരുന്നു. 2000 ജൂൺ 18-ന് ഡോവറിലെത്തിയ തക്കാളി ലോറിയിൽ 54 പുരുഷന്മാരുടെയും നാല് സ്ത്രീകളുടെയും മൃതദേഹങ്ങളാണ് അധികൃതർ കണ്ടെത്തിയത്. കണ്ടെയ്‌നറിന്റെ വായുദ്വാരങ്ങൾ അടച്ചതിനാൽ ഇവർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ലോറി ഡ്രൈവർ പെറി വാക്കർ കൊലപാതകക്കുറ്റത്തിന് 14 വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

2014-ൽ ബെൽജിയത്തിൽ നിന്ന് ഷിപ്പിംഗ് കണ്ടെയ്‌നറിൽ കയറി കുടിയേറാൻ ശ്രമിച്ച 15 കുട്ടികളടക്കമുള്ള 36 അഫ്ഗാൻ സിഖ് വംശജർ എസക്‌സിൽ പിടിയിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.