സ്വന്തം ലേഖകൻ: തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങി ഇന്ത്യയിലേക്കുള്ള നാനൂറോളം വിമാന യാത്രക്കാര്‍. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ 24 മണിക്കൂറോളമാണ് കുടുങ്ങിയത്. ഭക്ഷണം പോലും നല്‍കിയില്ലെന്നും വിമാന കമ്പനിയുടെ ഒരാള്‍ പോലും തങ്ങള്‍ക്കരികിലെത്തിയില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.
സാമൂഹിക മാധ്യമങ്ങളായ എക്‌സിലും ലിങ്ക്ഡ് ഇന്നിലുമെല്ലാമായി യാത്രക്കാര്‍ ദുരനുഭവം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യം രണ്ട് മണിക്കൂര്‍ വൈകിയേ വിമാനം പുറപ്പെടൂ എന്നാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. പിന്നീട് വിമാനം റദ്ദാക്കിയതായും അറിയിച്ചു. ഒടുവില്‍ 12 മണിക്കൂറിന് ശേഷം വിമാനം പുറപ്പെടുമെന്ന അറിയിപ്പുമെത്തി. ഈ സമയമെല്ലാം യാത്രക്കാര്‍എന്തുചെയ്യണമെന്നറിയാതെ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് രാവിലെ 06:40-നുള്ള ഇസ്താംബൂള്‍ വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാരുടെ യാതന ആരംഭിച്ചത്. അതീവശൈത്യമായതിനാല്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. തങ്ങള്‍ക്ക് താമസസ്ഥലം ഒരുക്കുകയോ വാഹനസൗകര്യം ഏര്‍പ്പെടുത്തുകയോ ഇന്‍ഡിഗോ ചെയ്തില്ല എന്ന് യാത്രക്കാര്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ നിന്നുള്ള വിമാനം വൈകിയതോടെ രാവിലെ 08:15-ന് ഇസ്താംബൂളില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട വിമാനം 11 മണിക്കേ പുറപ്പെടൂ എന്ന് അറിയിപ്പ് വന്നു. പിന്നീടാണ്, അടുത്ത ദിവസം രാവിലെ 10 മണിക്കേ വിമാനം പുറപ്പെടൂ എന്ന അറിയിപ്പ് വരുന്നത്. ഈ അറിയിപ്പുകള്‍ യാത്രക്കാരെ നേരിട്ട് അറിയിക്കാനും ഇന്‍ഡിഗോ സന്നദ്ധരായില്ല.
ടര്‍ക്കിഷ് എയര്‍ലൈന്‍സ് ജീവനക്കാരാണ് അറിയിപ്പുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനം വൈകിയതെന്ന് ഒരു യാത്രക്കാരന്റെ സാമൂഹിക മാധ്യമ പോസ്റ്റിനുള്ള പ്രതികരണമായി ഇന്‍ഡിഗോ അറിയിച്ചു. വിമാനം വൈകിയതിന് പകരമായി ഇസ്താംബൂള്‍ വിമാനത്താവളത്തിലെ ലോഞ്ചിലേക്ക് പ്രവേശനം നല്‍കാമെന്ന് തങ്ങളോട് പറഞ്ഞെങ്കിലും ഇത്രയധികം പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ലോഞ്ചിനില്ല എന്ന് യാത്രക്കാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല