കൊച്ചി:യുകെയ്ക്കുപുറമേ ചൈനയില്‍ നിന്ന് 23 പ്രതിനിധികള്‍ ഉണ്ട്. 12 അംഗസംഘമാണ് ജപ്പാനില്‍ നിന്നെത്തുക. ജര്‍മനിയില്‍ നിന്ന് അഞ്ചുപേരുണ്ട്. പരിപാടിയുടെ വേദിയായ ലേ മെറിഡിയന്‍ ഹോട്ടലില്‍ ആണ് വി.ഐ.പി. കളായ പ്രതിനിധികള്‍ താമസിക്കുക. ഇതിന് പുറമെ, നഗരത്തിലെ വിവിധ ഹോട്ടലുകളിലായി പ്രതിനിധികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പ്രതിനിധികളെ സ്വീകരിക്കാനും തിരികെ കൊണ്ടുവരാനും നടപടികളെടുത്തിട്ടുണ്ട്.
പരിപാടിയില്‍ പങ്കെടുക്കുന്ന ചൈന സംഘത്തില്‍പെട്ടവരെല്ലാം അവിടത്തെ യുനാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. വൈസ് ഗവര്‍ണറായ ഹി ദുവാന്‍ക്വി യുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച എത്തും. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി ജെ. പവല്‍ , ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ ജെന്നിഫര്‍ എ. മക്കിന്റൈര്‍ എന്നിവരും ചൊവ്വാഴ്ച എത്തുന്നുണ്ട്. ഇന്ത്യയിലെ യു.കെ. ഹൈക്കമ്മീഷണര്‍ ജെയിംസ് ബേവന്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര, വ്യാപാര പ്രതിനിധികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എത്തും. മലേഷ്യന്‍ സര്‍ക്കാരിന്റെ ഇന്ത്യയിലേക്കുള്ള പ്രത്യേക പ്രതിനിധി എസ്.സാമിവേലു, ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ പീറ്റര്‍ വര്‍ഗീസ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, യു.എ.ഇ, പോളണ്ട്, തുര്‍ക്കി എന്നിവിടങ്ങളിലെ അംബാസഡര്‍മാര്‍, ബ്രൂണെ, മൗറീഷ്യസ് ഹൈക്കമ്മീഷണര്‍മാര്‍ എന്നിവരും കൊച്ചിയിലെത്തും.
കേന്ദ്രമന്ത്രിമാരായ ശരദ്പവാര്‍, ഗുലാം നബി ആസാദ്, കമല്‍നാഥ്, ആനന്ദ് ശര്‍മ, കുമാരി സെല്‍ജ, ജി.കെ. വാസന്‍, എന്‍.എന്‍. മീണ എന്നിവരും വരുംദിവസങ്ങളില്‍ കൊച്ചിയിലെത്തും. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയുമായാണ് ഇവരെത്തുക. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ എല്ലാ സംസ്ഥാന മന്ത്രിമാരും കൊച്ചിയിലുണ്ടാവും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മന്ത്രിസഭായോഗവും ഇവിടെയാണ്.
എമര്‍ജിങ് കേരള ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, ഉദ്ഘാടനദിവസമായ ബുധനാഴ്ച രാവിലെയാണ് എത്തുക. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ കൊച്ചി പോലീസും നഗരത്തില്‍ വിശദമായ പരിശോധനകള്‍ നടത്തുന്നുണ്ട്. ഹോട്ടലുകളില്‍ താമസിക്കുന്നവരുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും സ്ഥിരം കുറ്റവാളികളുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനങ്ങളുടെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പുതിയതായി ഒളിക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. തീരസുരക്ഷയും ശക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല