സ്വന്തം ലേഖകന്‍: സൗദിയിലെ ജിസാന്‍ ജയിലില്‍ തടവുകാരായി നാല്‍പ്പത്തിയെട്ട് ഇന്ത്യക്കാര്‍, കൂടുതലും മലയാളികളെന്ന് റിപ്പോര്‍ട്ട്. മുപ്പത്തിരണ്ടു മലയാളികളാണ് മോചനവും കാത്ത് ജയിലില്‍ കഴിയുന്നതെന്നാണ് സൂചന. എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോയി പുതിയ വിസയില്‍ സൗദിയില്‍ എത്തിയവരും തടവില്‍ കഴിയുന്നവരില്‍ ഉണ്ട്.
കൊലപാതകം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പെട്ട് നാല്‍പ്പത്തിയെട്ടു ഇന്ത്യക്കാര്‍ ആണ് സൗദിയിലെ യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള പതിനാറ് പേരുള്‍പ്പെടെ ഇതില്‍ മുപ്പത്തിരണ്ടും മലയാളികളാണ്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളായ ശിഹാബുദ്ധീന്‍ ഖാന്‍, റിയാദ് ജീലാനി, കോണ്‍സുലേറ്റ് വെല്‍ഫെയര്‍ അംഗം ഹാരിസ് കല്ലായി എന്നിവരാണ് ജയില്‍ സന്ദര്‍ശിച്ചു ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചത്.
തമിഴ്‌നാട്, ആന്ധ്ര സ്വദേശികളായ രണ്ട് പേരാണ് കൊലപാതക കേസുകളില്‍ തടവില്‍ കഴിയുന്നത്. പഞ്ചാബ്, യുപി, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. സൗദിയില്‍ നിരോധിക്കപ്പെട്ട ‘ഖാത്’ എന്ന മയക്കുമരുന്നിന്റെ ഗണത്തില്‍ പെടുന്ന പുല്ല് കടത്തിയതിനാണ് കൂടുതല്‍ പേരും ശിക്ഷ അനുഭവിക്കുന്നത്. ജിസാനിലെ നാടുകടത്തല്‍ കേന്ദ്രവും കോണ്‍സുലേറ്റ് സംഘം സന്ദര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല