1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2024

സ്വന്തം ലേഖകൻ: ദുബായ് മെട്രോ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നു. മെട്രോയുടെ പുതിയ ബ്ലൂ ലൈന്‍ പാത 2029 സെപ്റ്റംബര്‍ 9 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആര്‍ടിഎ വ്യാഴാഴ്ച അറിയിച്ചു. 30 കിലോമീറ്റര്‍ പദ്ധതി 14 സ്റ്റേഷനുകളിലൂടെ എമിറേറ്റിലെ പ്രധാന പ്രദേശങ്ങളെ തന്ത്രപരമായി ബന്ധിപ്പിക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ 2025 ഏപ്രിലില്‍ ആരംഭിക്കും. വിവിധ ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കും.

ഗ്രീന്‍ ലൈനിലെ ക്രീക്ക് സ്റ്റേഷന്‍, റെഡ് ലൈനിലെ സെന്റര്‍പോയിന്റ് സ്റ്റേഷന്‍, ദുബായ് ഇന്റര്‍നാഷണല്‍ സിറ്റി സ്റ്റേഷന്‍ 1, ദുബായ് ക്രീക്ക് ഹാര്‍ബര്‍ തുടങ്ങി പ്രധാന ഇന്റര്‍ചേഞ്ച് പോയിന്റുകള്‍ ഉള്‍പ്പെടെ 14 സ്റ്റേഷനുകളാണ് ബ്ലൂ ലൈനില്‍ ഒരുക്കുക. നഗരത്തിന്റെ ഗതാഗത ശൃംഖലയുടെ നിലവിലുള്ള വികസനത്തിലെ സുപ്രധാന ഘടകമായി ഇത് മാറും.

ബ്ലൂ ലൈന്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും മിര്‍ദിഫ്, അല്‍ വര്‍ഖ, ഇന്റര്‍നാഷണല്‍ സിറ്റി 1, 2, ദുബായ് സിലിക്കണ്‍ ഒയാസിസ്, അക്കാദമിക് സിറ്റി, റാസല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ദുബായ് ക്രീക്ക് ഹാര്‍ബര്‍, ദുബായ് ഫെസ്റ്റിവല്‍ എന്നീ ഒമ്പത് പ്രധാന മേഖലകളും തമ്മില്‍ നേരിട്ട് കണക്ഷന്‍ നല്‍കും. ദുബായ് മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകള്‍ തമ്മിലുള്ള പ്രധാന സംയോജന പോയിന്റായി പുതിയ പാത മാറും.

പദ്ധതിയുടെ നിര്‍മാണത്തിന് മൂന്ന് പ്രമുഖ തുര്‍ക്കി, ചൈനീസ് കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് 20.5 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള കരാറുകള്‍ നല്‍കിയതായി ആര്‍ടിഎ അറിയിച്ചു. ആഗോള ടെന്‍ഡറില്‍ മത്സരിച്ച 15 കമ്പനികളില്‍ നിന്നാണ് തുര്‍ക്കിയിലെ മാപാ, ലിമാക്, ചൈനയിലെ സിആര്‍ആര്‍സി എന്നീ 3 കമ്പനികളുടെ കണ്‍സോര്‍ഷ്യത്തെ തെരഞ്ഞെടുത്തത്.

നിര്‍മാണ പ്രവൃത്തികള്‍ തുര്‍ക്കി കമ്പനികള്‍ക്കും ട്രെയിനും റെയില്‍വേ സംവിധാനങ്ങളും സ്ഥാപിക്കുന്നതിന്റെ ചുമതല ചൈനീസ് കമ്പനിക്കുമാണ്. രാജ്യാന്തര തലത്തില്‍ ഈ കമ്പനികള്‍ നേതൃത്വം നല്‍കിയ പദ്ധതികളുടെ വിജയമാണ് ബ്ലൂലൈന്‍ കരാര്‍ ഇവര്‍ക്കു നല്‍കുന്നതിനു കാരണമായതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍തായര്‍ പറഞ്ഞു. കമ്പനികളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച സംയോജിത പദ്ധതി രേഖ മികച്ചതാണെന്നും സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും അല്‍ തായര്‍ പറഞ്ഞു.

മിഡില്‍ ഈസ്റ്റ് മേഖലയില്‍ നടപ്പാക്കുന്ന ഏറ്റവും മികച്ച പദ്ധതികളിലൊന്നായിരിക്കും ഇതെന്ന് ആര്‍ടിഎ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഴയും വെള്ളപ്പൊക്കവും കാരണം സര്‍വീസുകള്‍ തടസ്സപ്പെടാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. റെഡ് ലൈനിന് ചുറ്റുമുള്ള സ്ഥലങ്ങളിലെ ചില തടസ്സങ്ങളില്‍ നിന്ന് ഞങ്ങള്‍ പാഠങ്ങള്‍ പഠിച്ചു. കഴിഞ്ഞ വര്‍ഷം സംഭവിച്ചത് ഇനി സംഭവിക്കില്ല.- അദ്ദേഹം വ്യക്തമാക്കി.

നഗരത്തില്‍ 14 സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍, ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ദുബായ് സര്‍ക്കാര്‍ ദുബായ് മുനിസിപ്പാലിറ്റിക്കും ആര്‍ടിഎയ്ക്കും 1.5 ബില്യണ്‍ ദിര്‍ഹം അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഏതാണ്ട് 90 ശതമാനം ജോലികളും പൂര്‍ത്തിയായി. കഴിഞ്ഞ തവണ വെള്ളപ്പൊക്കമുണ്ടായ 14 സ്ഥലങ്ങളില്‍ ഇത് വീണ്ടും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായ് മെട്രോ ഓടിത്തുടങ്ങി 15 വര്‍ഷം തികയുന്ന വേളയിലാണ്, കൂടുതല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ ലൈന്‍ പ്രഖ്യാപിച്ചത്. 09.09.09ന് ആയിരുന്നു ദുബായ് മെട്രോ സര്‍വീസ് ആരംഭിച്ചത്. സമാനമായ തീയതി തന്നെയാണ് ബ്ലൂ ലൈനിന്റെ ഉദ്ഘാടനത്തിനും തിരഞ്ഞെടുത്തത്. ദുബായ് മെട്രോയുടെ 20ാം പിറന്നാളിനാണ് മെട്രോയുടെ പുതിയ ബ്ലൂലൈന്‍ സര്‍വീസ് ആരംഭിക്കുക എന്ന പ്രത്യേകതയുമുണ്ട്; 09-09-29ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.