1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2025

സ്വന്തം ലേഖകൻ: യു.എസിലെ ലോസ് ആഞ്ജലിസില്‍ പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാനാകാതെ പടര്‍ന്നുകൊണ്ടിരിക്കുന്നു. ഔദ്യോഗികമായി ഏഴുപേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും യഥാര്‍ഥ മരണം ഇതിലും എത്രയോ ആണെന്നാണ് അധികൃതരുടെ വിശദീകരണം. പതിനായിരകണക്കിന് ആളുകളെയാണ് തീപിടിത്തം ബാധിച്ചിട്ടുള്ളത്. ദുരന്തത്തിന്റെ നാശം കാണുമ്പോള്‍ ഒരു അണുബോംബ് ഇട്ടത് പോലെയാണ് തോന്നുന്നതെന്ന് ലോസ് ലോസ് ആഞ്ജലിസ് നിയമനിര്‍വ്വഹണ ഏജന്‍സി മേധാവി റോബര്‍ട്ട് ലൂണ പറഞ്ഞു.

ആധുനിക യുഎസ് ചരിത്രത്തിലെ ഏറ്റവും നാശനഷ്ടംവരുത്തിയ ദുരന്തമാണ് ലോസ് ആഞ്ജലിസില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കുന്നത്. ഹോളിവുഡ് താരങ്ങളുടെ വീടുകളുള്‍പ്പെടെ അയ്യായിരത്തിലേറെ കെട്ടിടങ്ങളും മറ്റും കത്തിനശിച്ചിട്ടുണ്ട്. പതിനായിരകണക്കിന് ആളുകള്‍ക്ക് വീടുപേക്ഷിച്ച് പോകേണ്ടി വന്നിട്ടുണ്ട്.

തെക്കൻ കാലിഫോര്‍ണിയയില്‍ ആറ് മാസത്തേക്ക് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ചെലവിന്റെ 100% സര്‍ക്കാര്‍ വഹിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു. തീ നിയന്ത്രണവിധേയമാക്കാനും കുടുംബങ്ങളെ സംരക്ഷിക്കാനും ആവശ്യമായതെല്ലാം ചെയ്യാന്‍ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ഒരു ചെലവും ഈടാക്കരുതെന്ന് നിര്‍ദേശം നല്‍കിയതായും ബൈഡന്‍ അറിയിച്ചു.

ആന്റണി ഹോപ്കിന്‍സ്, ജോണ്‍ ഗുഡ്മാന്‍, അന്ന ഫാരിസ്, മാന്‍ഡി മൂര്‍, കാരി എല്‍വീസ്, പാരിസ് ഹില്‍ട്ടന്‍, ബില്ലി ക്രിസ്റ്റല്‍, മൈല്‍സ് ടെല്ലര്‍ തുടങ്ങി ഹോളിവുഡിലെ പ്രമുഖരുടെ വീടുകള്‍ കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. മാര്‍ക്ക് ഹാമില്‍, യൂജീന്‍ ലെവി തുടങ്ങിയവര്‍ക്ക് വീടുകളുപേക്ഷിച്ച് സുരക്ഷിതസ്ഥാനത്തേക്കു മാറേണ്ടിവുന്നു. 1976-ലെ ഭീകരചിത്രമായ ‘കാരി’യുള്‍പ്പെടെയുള്ള സിനിമകളിലുള്ള പാലിസേഡ്സ് ചാര്‍ട്ടര്‍ ഹൈസ്‌കൂളും കത്തിയവയില്‍ ഉള്‍പ്പെടുന്നു.

7500-ലേറെ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ തീകെടുത്താനുള്ള കഠിനശ്രമത്തിലാണ്. വരണ്ടകാറ്റാണ് തീകെടുത്തല്‍ പ്രയാസമാക്കുന്നത്. കാലിഫോര്‍ണിയയിലും പരിസരങ്ങളിലും നിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ലോസ് ആഞ്ജലിസിലെത്തിയിട്ടുണ്ടെന്നും കാറ്റ് വെല്ലുവിളിയാണെന്നും മേയര്‍ കാരെന്‍ ബാസ് പറഞ്ഞു. ഒട്ടേറെ ഹോളിവുഡ് കമ്പനികള്‍ ചലച്ചിത്രനിര്‍മാണം നിര്‍ത്തിവെച്ചു. പസഡേനയ്ക്കും പസഫിക് പാലിസേഡ്സിനും ഇടയിലുള്ള തീം പാര്‍ക്ക് യൂണിവേഴ്സല്‍ സ്റ്റുഡിയോസ് തത്കാലത്തേക്ക് അടച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.