സ്വന്തം ലേഖകന്‍: കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ സംഘം ചേര്‍ന്ന് വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് കേരള രഞ്ജി താരങ്ങള്‍ക്കെതിരെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) കൂട്ട നടപടിയെടുത്തത്. ക്യാപ്റ്റനെതിരേ പരാതി നല്‍കിയ 13 കളിക്കാര്‍ക്കെതിരെയാണ് നടപടി.
അഞ്ച് കളിക്കാരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. എട്ട് കളിക്കാര്‍ മൂന്ന് കളികളുടെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അസോസിയേഷന്‍ ഉത്തരവിട്ടു. റൈഫി വിന്‍സന്റ് ഗോമസ്, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, കെ.എം.ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെയാണ് മൂന്ന് മത്സരങ്ങളില്‍ നിന്നും വിലക്കിയത്. മുന്‍ നായകനും ഇന്ത്യന്‍ താരവുമായ സഞ്ജു സാംസണ്‍, യുവതാരം സിജോമോന്‍ ജോസഫ്, മുതിര്‍ന്ന താരം വി.എ.ജഗദീഷ്, കെ.സി.അക്ഷയ് തുടങ്ങി എട്ട് താരങ്ങള്‍ക്കാണ് പിഴ ശിക്ഷ ലഭിച്ചത്.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ടീമിലെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ത്ത് തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് കാണിച്ചാണ് 13 താരങ്ങള്‍ ചേര്‍ന്നാണ് കെസിഎക്ക് പരാതി നല്‍കിയത്. പരാതി പരിശോധിച്ച കെസിഎ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും ഒരു മുതിര്‍ന്ന താരത്തിന്റെ ക്യാപ്റ്റന്‍സി മോഹമാണ് പരാതിക്ക് പിന്നിലെന്നും കണ്ടെത്തി. ഇതേതുടര്‍ന്ന് പരാതിക്കാരോട് കെസിഎ വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് കെസിഎ പരാതിക്കാര്‍ക്കെതിരേ നടപടിയെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല