1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2016

സ്വന്തം ലേഖകന്‍: അസാധുവാക്കിയ നോട്ടുകളായി ബാങ്കുകളില്‍ പരിധിക്കപ്പുറം നിക്ഷേപിച്ച തുകയ്ക്കു 50% നികുതി. ബാക്കി വരുന്ന തുകയുടെ പകുതി അഥവാ നിക്ഷേപത്തിന്റെ നാലിലൊന്ന് നാലു വര്‍ഷത്തേക്ക് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് പുതിയ നികുതി നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഭേദഗതി ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഉറവിടം വിശദീകരിക്കാനാവാത്ത തുകയ്‌ക്കേ ഇതു വരൂ.ഡിസംബര്‍ 30 വരെ ലഭിച്ചിട്ടുള്ള അവസരം ഉപയോഗിച്ചു സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്ക് 90 ശതമാനം നികുതിയും പിഴയും ചുമത്തും.

വ്യാഴാഴ്ച രാത്രി കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ആദായനികുതി നിയമ ഭേദഗതികളിലാണ് ഈ നിര്‍ദേശങ്ങള്‍. എത്ര തുകയ്ക്കു മുകളിലാണ് ഈ ശിക്ഷ എന്നു വ്യക്തമാക്കിയിട്ടില്ല.

ആദായനികുതി ഒഴിവുപരിധിയായ രണ്ടര ലക്ഷമോ അതിനു മുകളിലോ ആകും പരിധി.നവംബര്‍ എട്ടിനാണ് 500 രൂപ, 1000 രൂപ കറന്‍സികള്‍ റദ്ദാക്കിയത്. ഇവ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇവ പ്രതിദിനം 4000 രൂപവച്ചും പിന്നീട് 2000 രൂപവച്ചും മാറി മേടിക്കാന്‍ നല്‍കിയിരുന്ന അവസരവും തീര്‍ന്നു. ഇനി ബാങ്കില്‍ നിക്ഷേപിക്കുകയേ മാര്‍ഗമുള്ളൂ.

ഈ അവസരമുപയോഗിക്കാത്തവരുടെ പക്കല്‍നിന്ന് ആദായനികുതി വകുപ്പ് കള്ളപ്പണം കണ്ടെത്തിയാല്‍ 90 ശതമാനം നികുതിയും പിഴയും ഈടാക്കും. ബാങ്കില്‍ ആദായനികുതി ഒഴിവു പരിധിയായ 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ അതിന് ഉയര്‍ന്ന നിരക്കായ 30 ശതമാനം നികുതിയും നികുതിയുടെ ഇരട്ടി പിഴയും ഈടാക്കുമെന്നു നേരത്തേ മന്ത്രിമാര്‍ പറഞ്ഞിരുന്നു. അതിനു നിയമസാധുതയില്ലെന്നു വന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ത്തന്നെ ഭേദഗതി ബില്‍ അവതരിപ്പിക്കും.

കള്ളപ്പണം ഇപ്പോള്‍ നിക്ഷേപിച്ചവരോടു മയമുള്ള സമീപനം വേണ്ടെന്നാണ് ഗവണ്‍മെന്റ് നിലപാട്. അതുകൊണ്ടാണു സത്യസന്ധരായ നികുതിദായകര്‍ക്കുള്ള സാധാരണ നിരക്ക് പോരാ എന്ന ആലോചന. സെപ്റ്റംബറില്‍ അവസാനിച്ച വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി(ഐഡിഎസ്)യില്‍ പങ്കെടുത്തവര്‍ക്കു നല്‍കിയ പരിഗണനയും പറ്റില്ല. ഐഡിഎസില്‍ വെളിപ്പെടുത്തിയ തുകയുടെ 45 ശതമാനം നികുതിയും പിഴയുമായി ഈടാക്കുകയായിരുന്നു.

ഈ അവസരങ്ങളൊന്നും ഉപയോഗിക്കാത്തവര്‍ക്ക് കടുത്ത നിരക്ക് ചുമത്തണമെന്നാണ് നിര്‍ദേശം. വിദേശത്ത് സൂക്ഷിച്ച പണം വെളിപ്പെടുത്തിയവരില്‍നിന്ന് 60 ശതമാനമാണ് ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് 50 ശതമാനം നികുതി ചുമത്താനും 25 ശതമാനം തുക നാലുവര്‍ഷത്തേക്ക് പിന്‍വലിക്കാന്‍ പറ്റാതാക്കാനും ഉദ്ദേശിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.