സ്വന്തം ലേഖകന്‍: 50 വയസിന്റെ പെരുമയുമായി സോയൂസ് ബഹിരാകാശ പേടകം, പിറന്നാള്‍ സമ്മാനമായി ഏറ്റവും സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ പേടകമെന്ന ബഹുമതി നല്‍കി ശാസ്ത്ര ലോകത്തിന്റെ ആദരം. 1950 കളുടെ ആരംഭത്തില്‍ തുടങ്ങിയ അമേരിക്കയും റഷ്യയും തമ്മിലുള്ള ബഹിരാകാശ കിടമത്സരത്തിന്റെ ഭാഗമായി 1966 ലാണ് സോയൂസ് പേടകം ആദ്യമായി ബഹിരാകാശത്തേക്ക് പറന്നുയരുന്നത്.
1968 ലായിരുന്നു സോയൂസ് പേടകത്തിന്റെ വിജയകരമായ ആദ്യ ബഹിരാകാശ ദൗത്യം. ഒരു കുഞ്ഞന്‍ ആമയും പേടകത്തില്‍ സഞ്ചരിച്ചിരുന്നു. ചന്ദ്രനെ ഒരു തവണ വലംവച്ച പേടകം ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ ചന്ദ്രനിലേക്ക് പോയ ആദ്യ ജന്തു ജീവിയും ഈ ആമയായി. അക്കാലത്ത് ബഹിരാകാശത്ത് അമേരിക്കയ്ക്ക് ശക്തമായ എതിരാളിയായി മാറി സോയൂസ്.
എന്നാല്‍, അമേരിക്ക തങ്ങളുടെ ചാന്ദ്ര ദൗത്യങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ പിന്നിലായിപ്പോയ സോവിയറ്റ് യൂണിയന്‍ ആ കുറവ് പരിഹരിച്ചത് സ്‌പേസ് സ്റ്റേഷന്റെ നിര്‍മ്മാണത്തിലും ഭൂമിയുമായി ബന്ധപ്പെട്ട ബഹിരാകാശ ദൗത്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ്. അമേരിക്ക തങ്ങളുടെ സ്‌പേസ് ഷട്ടില്‍ ദൗത്യം നിര്‍ത്തിയതോടെ യുഎസും റഷ്യയും ഇപ്പോള്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പൂര്‍ണമായും ആശ്രയിക്കുന്നത് സോയൂസിനെയാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലത്തിലേക്ക് ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും സോയൂസ് പേടകമാണ്. സ്‌പേസ് എക്‌സ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ പുതിയ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെങ്കിലും ഇന്നും മനുഷ്യന് ഏറ്റവും ആശ്രയിക്കാവുന്നതും സുരക്ഷിതമെന്ന് തെളിയിച്ചിട്ടുള്ളതുമായ പേടകമെന്ന ബഹുമതിയുമായി ബഹിരാകാശത്തിലേക്ക് മൂളിപ്പായാന്‍ തയ്യാറാണ് സോയൂസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല