സ്വന്തം ലേഖകന്‍: 500 കോടി പൊടിച്ച കല്യാണം പൊല്ലാപ്പായി, കര്‍ണാടക കോടീശ്വരനെതിരെ അന്വേഷണവും റെയ്ഡും. മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡിക്കെതിരെയാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. 500 കോടിയോളം രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തി അഞ്ച് ദിവസം മാത്രം പിന്നിടവേയാണ് ആദായനികുതി വകുപ്പ് റെയ്ഡുമായി രംഗത്തെത്തിയത്.
റെഡ്ഡിയുടെ ബെല്ലാരിയിലെ ഖനി കമ്പനിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പതിനഞ്ച് ചോദ്യങ്ങളടങ്ങിയ മൂന്ന് പേജ് നോട്ടീസ് ആദായനികുതി വകുപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കിയിരിക്കണം. കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ജനാര്‍ദന റെഡ്ഡിക്കെതിരെ വിവരാവകാശ പ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ ടി.നരസിംഹമൂര്‍ത്തി സമര്‍പിച്ച പരാതിന്മേലാണ് നികുതി വകുപ്പിന്റെ നടപടി.
അനധികൃത ഖനന കേസില്‍ 2011ല്‍ അറസ്റ്റിലായ റെഡ്ഡി മൂന്നര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് 2015 ജനുവരിയിലാണ് പുറത്തിറങ്ങിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തില്‍ കര്‍ണാടകയിലെ ബി.ജെ.പി നേതാവ് മകളുടെ അത്യാഡംബര വിവാഹം നടത്തിയതിനെതിരെ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല