സ്വന്തം ലേഖകൻ: ആഗോള ട്രാവൽ റീട്ടെയ്ലർ ബ്രാൻഡായ ഡബ്ല്യു എച്ച്. സ്മിത്ത് ബ്രിട്ടനിലെ 520 ഹൈസ്ട്രീറ്റ് സ്റ്റോറുകൾ വിറ്റൊഴിവാക്കാൻ ആലോചിക്കുന്നു. 32 രാജ്യങ്ങളിലായി 1,200 സ്റ്റോറുകൾ സ്വന്തമായുള്ള ബ്രിട്ടിഷ് റീട്ടെയ്ൽ കമ്പനിയാണ് ഡബ്ല്യു എച്ച് സ്മിത്ത്.
രാജ്യാന്തര സ്റ്റോറുകളും ട്രാവൽ സ്റ്റേഷനുകളിലെ സ്റ്റോറുകളും നിലനിർത്തി ബ്രിട്ടനിലെ 520 ഹൈസ്ട്രീറ്റ് സ്റ്റോറുകൾ വിൽപനയ്ക്കു വയ്ക്കാനാണ് കമ്പനിയുടെ പദ്ധതി. 230 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള റീട്ടെയ്ൽ കമ്പനിയാണ് ഡബ്ല്യു എച്ച് സ്മിത്ത്.
കമ്പനിയുടെ 85 ശതമാനം ലാഭവും വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകലും ആശുപത്രികളും മറ്റും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റോറുകളിൽ നിന്നാണ്. ബാക്കി 15 ശതമാനം മാത്രമാണ് 520 ഹൈസ്ട്രീറ്റ് സ്റ്റോറുകളിൽ നിന്നുള്ളത്.
വിൽപനയ്ക്കായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ആരുമായും ധാരണയിലെത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. 1.5 ബില്യൻ പൌണ്ടാണ് നിലവിൽ കമ്പനിയുടെ വിപണി മൂല്യം.
കമ്പനിക്ക് ഹൈസ്ട്രീറ്റ് സ്റ്റോറുകളിൽനിന്നുള്ള വരുമാനം ഒരു വർഷത്തിനുള്ളിൽ 17 മില്യൻ പൗണ്ടാണ് കുറഞ്ഞത്. ബുക്കുകൾക്കും സ്റ്റേഷനററികൾക്കുമായി ഉപയോക്താക്കൾ ഓൺലൈൻ സ്റ്റോറുകളിലേക്ക് തിരിയുന്നതാണ് ലാഭം കുറയാൻ കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല