പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ചതിന് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ എഴുപത്തിനാലുകാരനായ ബര്‍ലുസ്‌കോണിയ്‌ക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്.
ബെര്‍ലുസ്‌കോണിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കിലും ചോദ്യം ചെയ്യുന്നതിനുവേണ്ടി ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പതിനഞ്ചുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രധാനമന്ത്രിക്കുനേരേ ആരോപിച്ചിട്ടുള്ളത്. കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ടുള്ള നിയമം കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു.
ഒട്ടേറെ ലൈംഗികാരോപണങ്ങള്‍ വന്നിട്ടും ഒരു കുലുക്കവും കാണിയ്ക്കാതിരുന്ന നേതാവ് പക്ഷേ ഇത്തവണ നിയമക്കുരുക്കിലാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. തന്റെ എസ്‌റ്റേറ്റില്‍ നടന്ന പാര്‍ട്ടിയില്‍ നൃത്തം ചെയ്യാനെത്തിയ പതിനേഴുകാരി റൂബി റുബകൗരിയുമായി ലൈംഗിക വേഴ്ച നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം റൂബി നിഷേധിച്ചിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് യൂറോ വിലപ്പിടിപ്പുള്ള സമ്മാനങ്ങള്‍ സ്വന്തമാക്കിയെന്ന് സമ്മതിച്ചിട്ടുണ്ട്.
ഇറ്റാലിയന്‍ നിയമപ്രകാരം വേശ്യാവൃത്തിക്ക് അനുവദിച്ചിട്ടുള്ള പ്രായം പതിനെട്ടാണ്. മോഷണത്തിന് റൂബിയെ അറസ്റ്റു ചെയ്തതോടെയാണ് കഴിഞ്ഞ വര്‍ഷം ആദ്യം നടന്ന സംഭവം പുറത്തുവരുന്നത്. പിടിയിലായ റൂബിയുടെ സംരക്ഷണ ചുമതല പ്രധാനമന്ത്രിയുടെ മുന്‍ ദന്തഡോക്ടറും പിന്നീട് എം.പി.യുമായ നിക്കോള്‍ മിനെട്ടിയെയാണ് ഏല്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ടതു പ്രകാരമാണ് റൂബിയെ വിട്ടയച്ചത്. മിനെട്ടിയുടെ ഓഫീസ് പോലീസ് റെയ്ഡ് ചെയ്തു. ഇവരും പ്രധാനമന്ത്രിയുടെ രണ്ട് അടുത്ത സഹായികളും ഉള്‍പ്പെടുന്ന ലൈംഗികാരോപണം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല