ലഷ്കര്‍ ഇ തൊയ്ബ സ്ഥാപകനും മുംബൈ ആക്രമണത്തിന്‍റെ സൂത്രധാരനുമായ പാക് ഭീകരന്‍ ഹഫീസ് സയീദിന്‍റെ തലയ്ക്ക് അമെരിക്ക ഒരു കോടി ഡോളര്‍ (ഏകദേശം അന്‍പതര കോടി രൂപ) ഇനാം പ്രഖ്യാപിച്ചു. റിവാര്‍ഡ്സ് ഫൊര്‍ ജസ്റ്റിസ് പദ്ധതി പ്രകാരം നാലു പേര്‍ക്കാണ് യുഎസ് ഒരു കോടി ഡോളര്‍ വിലയിട്ടത്. അല്‍ ക്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹി രി മാത്രമാണ് തലയ്ക്ക് ഇതിലേറെ വിലയുള്ളയാള്‍- രണ്ടര കോടി ഡോളര്‍.
ഹഫീസ് സയീദിനു പുറമേ ഇറാക്ക് അല്‍ ക്വയ്ദ തലവന്‍ അബു ദുവ, അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല ഒമര്‍, അല്‍ ക്വയ്ദയ്ക്കു സാമ്പത്തിക സഹായം നല്‍കുന്ന യാസിന്‍ അല്‍ സൂരി എന്ന ഇസ്ദിന്‍ അബ്ദുല്‍ അസിസ് ഖലില്‍ എന്നിവരുടെ തലയ്ക്കാണ് ഒരു കോടി ഡോളര്‍ വിലയിട്ടിട്ടുള്ളത്. ഇന്ത്യയിലും പാക്കിസ്ഥാനിലും ഇസ്ലാമിക് ഭരണം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ജമാഅത് ഉദ്ദവായുടെയും സൈനിക വിഭാഗമായ ലഷ്കര്‍ ഇ തൊയ്ബയുടെയും സ്ഥാപകന്‍ എന്നാണ് റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് വെബ്സൈറ്റ് സയീദിനെക്കുറിച്ച് പറയുന്നത്.
ആറ് അമെരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ എന്നു കരുതപ്പെടുന്നയാള്‍ എന്നും വെബ്സൈറ്റ് പറയുന്നു. സയീദിനെതിരേ ഇന്ത്യ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സൈറ്റില്‍ പരാമര്‍ശമുണ്ട്. ഭീകര സംഘടനകള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നവരുടെ പട്ടികയില്‍ പെടുത്തി അക്കൗണ്ടുകളും ആസ്തിയും മരവിപ്പിക്കേണ്ടയാളാണ് സയീദ് എന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ടെന്നും റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് വെബ്സൈറ്റ്.
സയീദിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ റഹ്മാന്‍ മാക്കിക്ക് വെബ്സൈറ്റ് 20 ലക്ഷം ഡോളര്‍ വിലയിട്ടിട്ടുണ്ട്. ലഷ്കര്‍ ഇ തൊയ്ബയെ 2001ല്‍ തന്നെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്, ജമാഅത്തെ ഉദ്ദവയെ 2008ലും. 2008ല്‍ യുഎന്നും ഉദ്ദവയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യാന്തര സമൂഹത്തില്‍നിന്ന് സമ്മര്‍ദം ശക്തമായപ്പോള്‍ ഹഫീസ് സയീദിനെ പാക്കിസ്ഥാന്‍ ആറു മാസം വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍ ലഹോര്‍ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സയീദിനെ മോചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല