സ്വന്തം ലേഖകൻ: അഞ്ചാംതലമുറ ടെലികോം സ്പെക്‌ട്രം നിലവിൽവന്ന് ആറുമാസം പിന്നിടുംമുമ്പ് 6 ജി സാങ്കേതിതവിദ്യയ്ക്കുള്ള ഒരുക്കങ്ങളുമായി ഇന്ത്യ. ‘6 ജിയുടെ ദർശന രേഖ’ ബുധനാഴ്ച കേന്ദ്രം പുറത്തിറക്കി. റിമോട്ട് നിയന്ത്രിത ഫാക്ടറികൾ, മനുഷ്യശരീരത്തിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണങ്ങൾ, നിരന്തരം ആശയവിനിമയം നടത്തുന്ന സ്വയം ഓടിക്കുന്ന കാറുകൾ, രേഖകളില്ലാതെ ആളുകളെ തിരിച്ചറിയുന്ന യന്ത്രങ്ങൾ തുടങ്ങിയവ 6 ജി കാലത്ത് രാജ്യത്ത് ലഭ്യമാകുമെന്ന് ദർശനരേഖയിൽ പറയുന്നു. 2030-നകം 6 ജി പ്രവർത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിക്കുപുറമേ കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്, ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ദാൻ മാർട്ടിൻ എന്നിവർ ചേർന്നാണ് ‘ഭാരത് 6 ജി’ ദർശനരേഖ പുറത്തിറക്കിയത്. 6 ജി രംഗത്തെ ഗവേഷണ-വികസനങ്ങൾക്കും പരീക്ഷണസംവിധാനത്തിനും ഇതോടെ തുടക്കമാകും.
5 ജിയെക്കാൾ 100 മടങ്ങ് വേഗമുള്ള ഇന്റർനെറ്റ് സൗകര്യം 6 ജി വാഗ്ദാനം ചെയ്യുന്നു. മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള തടസ്സമില്ലാത്ത ഇടപെടൽ ഉറപ്പാക്കുക എന്നതാണ് 6 ജിയുടെ പ്രധാനലക്ഷ്യമെന്ന് ദർശനരേഖ വിശദീകരിക്കുന്നു.
2023 മുതൽ 2025 വരെയും 2025 മുതൽ 2030 വരെയും രണ്ട് ഘട്ടങ്ങളിലായാണ് 6 ജി ദൗത്യം നടപ്പാക്കുക. പദ്ധതിയുടെ പുരോഗതി ചർച്ചചെയ്യാനും ഏകോപനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി സർക്കാർ ഉന്നതസമിതിക്ക് രൂപം നൽകി. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ ഗവേഷണവും വികസനവും, 6 ജി സാങ്കേതികവിദ്യകളുടെ രൂപകല്പന എന്നിവ സുഗമമാക്കുക, ഇതിനായി സഹായധനം ഉറപ്പാക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യം.
5 ജി സാങ്കേതികവിദ്യ നിലവിൽവന്ന് ആറുമാസത്തിനകം 6 ജിയെക്കുറിച്ച് സംസാരിക്കുന്നത് രാജ്യത്തിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022 ഒക്ടോബറിലാണ് ഔദ്യോഗികമായി 5 ജി സേവനങ്ങൾക്ക് തുടക്കമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല