1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2017

സ്വന്തം ലേഖകന്‍: ഒമാനിയായ 65 കാരന്‍ ഷെയ്ക്ക് വിവാഹം ചെയ്തു കൊണ്ടുപോയ 16 കാരിയായ ഇന്ത്യാക്കാരിയ്ക്ക് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍, തന്നെ രക്ഷിച്ചില്ലെങ്കില്‍ താന്‍ ഒമാനില്‍ക്കിടന്ന് മരിക്കുമെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. കനത്ത ശാരീരിക പീഡനമാണ് നേരിടുന്നതെന്നും തന്നെ രക്ഷിച്ചില്ലെങ്കില്‍ താന്‍ ഇവിടെക്കിടന്ന് മരിക്കുമെന്ന് പെണ്‍കുട്ടി ഫോണ്‍ ചെയ്തതായി വെളിപ്പെടുത്തി മാതാവ് രംഗത്ത്. മൂന്ന് മാസം മുമ്പ് ഭര്‍ത്തൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് കൗമാരക്കാരിയായ മകളെ വൃദ്ധനായ ഒമാനിലെ ഷെയ്ഖിന് വിറ്റെന്ന് കാണിച്ച് മാതാവ് കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.

അഞ്ചു ലക്ഷം രൂപയ്ക്ക് മകളെ ഒമാനി സ്വദേശിക്ക് വിവാഹം കഴിച്ചു കൊടുത്തെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മകളുമായി ഷെയ്ക്ക് ഒമാനിലേക്ക് കടന്നെന്നും മകളെ തിരിച്ച് കൊണ്ടുവരാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. പെണ്‍കുട്ടിയെ തിരിച്ചു കൊടുക്കുന്നതിന് ഷെയ്ക്ക് അഞ്ചു ലക്ഷം രൂപയാണ് ചോദിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അറബി ഭര്‍ത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുന്നെന്ന് മകള്‍ അടുത്തിടെ വിളിച്ചു പറഞ്ഞതായും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചു പോരാന്‍ ആഗ്രഹം കഠിനമായിരിക്കുന്ന പെണ്‍കുട്ടി തന്നെ രക്ഷിച്ച് ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയില്ലെങ്കില്‍ താന്‍ മരിച്ചുപോകുമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് ഫോണ്‍ സന്ദേശം അയച്ചതായി പരാതിയില്‍ വ്യക്തമാക്കുന്നു.

തന്റെ അറിവോ സമ്മതമോ കൂടാതെ മകളെ ഒമാനിലെ ആഡംബര ജീവിതത്തിന്റെ ദൃശ്യങ്ങള്‍ കാട്ടി കൊതിപ്പിച്ചതാണ് മകളുടെ വിവാഹം അവളേക്കാള്‍ നാലിരട്ടി പ്രായമുള്ള ഷെയ്ക്കുമായി സഹോദരി ഭര്‍ത്താവ് സിക്കന്ദര്‍ നടത്തിയതെന്നും ആരോപിക്കുന്നു. മകളെ മടക്കിക്കൊണ്ടുവരാന്‍ ഷെയ്ക്കിനെ ബന്ധപ്പെട്ടപ്പോള്‍ സിക്കന്ദര്‍ അഞ്ചു ലക്ഷം വാങ്ങിയിരുന്നെന്നും ആ പണം തിരികെ കിട്ടണമെന്നു പറഞ്ഞതായും മാതാവ് സെയ്ദ ഉന്നീസ പറയുന്നു. പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരാനും ഭര്‍ത്തൃസഹോദരിക്കും ഭര്‍ത്താവിനും എതിരേ കേസെടുക്കാനും പരാതി ലഭിച്ച ഫലക്‌നുമാ പോലീസിന്റേത് പക്ഷേ മറ്റൊരു അഭിപ്രായമാണ്.

പെണ്‍കുട്ടിയെ ഷെയ്ക്കിന് വിവാഹം കഴിച്ചു കൊടുത്തത് മാതാവും ഭര്‍ത്തൃസഹോദരിയുടെ ഭര്‍ത്താവും ഒരുമിച്ചായിരുന്നു. എന്നാല്‍ അതിന് കിട്ടിയ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്ക് കാരണമായതെന്നാണ് പോലീസ് നിഗമനം. ശരിയത്ത് നിയമം അനുസരിച്ച് 65 കാരന്‍ 16 കാരിയെ കെട്ടുന്നത് കുറ്റമല്ലെന്നും ഫലക്‌നുമാ അസിസ്റ്റന്റ് കമ്മീഷണര്‍ മൊഹമ്മദ് താജുദ്ദീന്‍ അഹമ്മദ് പറയുന്നു. സമ്മതം, ആര്‍ത്തവം, ശാരീരിക ക്ഷമത, ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകവും പക്വതയുമാണ് ഇസ്‌ളാമിക നിയമത്തില്‍ വിവാഹത്തിനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ നിയമം അനുസരിച്ച പെണ്‍കുട്ടിയുടെ വിവാഹപ്രായം 18 വയസ്സാണ്. പരാതിയില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടുമെല്ലാം പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

സംഭവം വിവാദമായതോടെ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി കേസില്‍ ഇടപെടണമെന്നും പെണ്‍കുട്ടിയെ നാട്ടില്‍ മടക്കി കൊണ്ടുവരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. കേസ് അന്വേഷിക്കാനും നടപടിയെടുക്കാനും ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്‌പെണ്‍കുട്ടിയുടെ പിതാവിനെയും രണ്ട് വിവാഹ ദല്ലാളുമാരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. വിവാഹം നടത്തിയ ഖാസി ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.