സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയിൽ അവഹേളിക്കുന്ന തരത്തിലോ നിന്ദിക്കുന്ന തരത്തിലോ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാല്‍ അതിന്റെ പേരില്‍ കേസെടുക്കാനും അറസ്റ്റു ചെയ്യാനും ഭരണകൂടത്തിന് അധികാരം നല്‍കുന്ന കേന്ദ്ര ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ സുപ്രധാന വിധി.
ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവില്ലെന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കി കൊണ്ടാണ് 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതോടൊപ്പം കേരളാ പൊലീസിലെ 118 ഡി വകുപ്പും കോടതി റദ്ദാക്കിയിട്ടുണ്ട്. ഫോണിലൂടെയോ മറ്റേതെങ്കിലും രീതിയിലോ വ്യക്തികളെ ശല്യപ്പെടുത്തിയാല്‍ പിഴ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
ഡല്‍ഹി സ്വദേശിനിയായ നിയമ വിദ്യാര്‍ഥിനി ശ്രേയ സിംഗാള്‍ 2012ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി വിധി. ശിവസേന തലവനായിരുന്ന ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് മുംബൈയില്‍ ബന്ദ് നടത്തിയതിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഷഹീന്‍ ദാദ എന്ന പെണ്‍കുട്ടിയേയും അത് ലൈക്ക് ചെയ്ത മലയാളിയായ റീനു ശ്രീനിവാസനെയും അറസ്റ്റു ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ഐടി നിയമത്തിലെ 66 എ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയുമായി ശ്രേയ സുപ്രീംകോടതിയെ സമീപിച്ചത്.
2000 ലാണ് ഇന്ത്യയില്‍ ആദ്യമായി ഐടി നിയമം നിലവില്‍ വന്നത്. 2008 ല്‍ എട്ട് സൈബര്‍ കുറ്റങ്ങളെ കൂടി ഈ നിയമത്തിന് കീഴില്‍ കൊണ്ടുവന്നു. തുടര്‍ന്ന് നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായും അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കൈയ്യേറ്റമാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല