ലണ്ടന്‍ : ഒളിമ്പിക്സിനായി ലണ്ടനിലെത്തിയ കാമറൂണിന്റെ ഏഴ് താരങ്ങളെ കാണാനില്ലെന്ന വിവരം ഗെയിംസ് ഒഫിഷ്യല്‍സ് കഴിഞ്ഞ ദിവസം രാത്രി സ്ഥിരീകരിച്ചു. അഞ്ച് ബോക്സിംഗ് താരങ്ങളും ഒരു നീന്തല്‍ താരവും ഒരു ഫുട്ബോള്‍ താരവുമാണ് കാണാതായവരില്‍ ഉള്‍പ്പെടുന്നതെന്ന് കാമറൂണിന്റെ ഒളിമ്പിക് ടീം മേധാവി ഡേവിഡ് ഒജോങ്ങ് പറഞ്ഞു. ഈസ്റ്റ് ലണ്ടനിലെ സ്ട്രഫോര്ഡിലുളള ഒളിമ്പിക് പാര്‍ക്കില്‍ നിന്ന് ഇവരെ കാണാനില്ലെന്ന വിവരം കഴിഞ്ഞദിവസം രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്.
നവംബര്‍ വരെ യുകെയില്‍ തുടരാനുളള വിസയാണ് ഈ താരങ്ങള്‍ക്ക് അനുവദിച്ചിട്ടുളളത്. എന്നാല്‍ ഇതുവരെ ഏഴുപേരില്‍ ആരും അഭയം നല്‍കണമെന്ന് കാട്ടി അപേക്ഷ നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഒളിമ്പിക് വില്ലേജില്‍ തന്നെയാണ് കാമറൂണിന്റെ താരങ്ങളും ഒഫിഷ്യല്‍സും താമസിക്കുന്നത്. അന്‍പത്തിരണ്ട് അംഗ മത്സരാര്‍ത്ഥികളില്‍ 28 പേര് സ്വദേശത്തേക്ക് മടങ്ങി കഴിഞ്ഞു. ബാക്കി 24 പേര് ഒളിമ്പിക് വില്ലേജില്‍ തന്നെ ഉണ്ടായിരുന്നു. ഇതില്‍ ഏഴ് പേരെയാണ് കാണാതായിരിക്കുന്നത്.
ബോക്സര്‍മാരായ തോമസ് എസോംബ, ക്രിസ്റ്റീന്‍ ഡോണ്ഫാക് അഡ്ജോഫാക്, ബ്ലാസി യെപ്മോ മെന്ഡോയോ, അബ്ഡണ് മെവോലി, സെര്‍ജി അബോമോ, കാമറൂണ്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ പകരക്കാരിയായ ഗോള്‍ കീപ്പര്‍ ഡ്രുസ്ലി ന്ഗാകോ, നീന്തല്‍ താരം പോള്‍ എക്നേ എഡിനുഗേ എന്നിവരേയാണ് കഴിഞ്ഞയാഴ്ച അവസാനത്തോടെ കാണാതായിരിക്കുന്നത്. എത്യോപ്യയുടെ ദീപശിഖാ വാഹകയായിരുന്ന നാതാനിയല് യെമാനേയെ നോട്ടിംഗ്ഹാമിലെ ഹോട്ടലില്‍ നിന്ന് കാണാതായതായും വിവരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല