സ്വന്തം ലേഖകന്‍: തലയിടിച്ചു വീണ എഴുപതുകാരിക്ക് ഇരുപതു വര്‍ഷത്തിനു ശേഷം കാഴ്ച തിരിച്ചുകിട്ടി. ഫ്‌ളോറിഡയിലെ മേരി ആന്‍ ഫ്രാന്‍കോയാണ് കാഴ്ച തിരിച്ചുപിടിച്ച് വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചിരിക്കുന്നത്. 1993 ല്‍ കാറപകടത്തില്‍ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട തന്റെ കണ്ണില്‍ ഇരുട്ടല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് മേരി ആന്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ആഗസ്തിലാണ് മേരി ആന്‍ വീടിനകത്ത് കാല്‍തെറ്റി വീണത്. പിന്‍ഭാഗം തലയിടിച്ചായിരുന്നു വീഴ്ച. തുടര്‍ന്ന് കഴുത്തില്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ കഴിഞ്ഞ് ബോധം വീണ്ടെടുത്തപ്പോള്‍ കാഴ്ച തെളിയുകയായിരുന്നു. രാവിലെ ആയപ്പോള്‍ ആശുപത്രിയുടെ ചെറിയ ജാലകത്തിലൂടെ മരങ്ങളും വെളുത്ത ചായംതേച്ച വീടുകളും എല്ലാം കാണാന്‍ കഴിഞ്ഞുവെന്ന് മേരി പറയുന്നു.
അത്യത്ഭുതം എന്നാണ് മേരിക്ക് ശസ്ത്രക്രിയ ചെയ്ത ഡോ. ജോണ്‍ അഫ്ഷര്‍ പറഞ്ഞത്. കാഴ്ച തിരിച്ചുകിട്ടാനുള്ള കാരണം ഇനിയും വ്യക്തമല്ല. തലച്ചോറില്‍ കാഴ്ചശക്തിയെ നിര്‍ണയിക്കുന്ന ഭാഗത്തിനാകാം അപകടത്തില്‍ പരിക്കേറ്റത്. ശസ്ത്രക്രിയ ചെയ്തപ്പോള്‍ ഈ ഭാഗത്തേക്ക് വീണ്ടും രക്തപ്രവാഹം ഉണ്ടായതാകാം കാഴ്ച തിരിച്ചുകിട്ടാന്‍ കാരണമെന്ന് ഡോ. അഫ്ഷര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല