ഗ്രാമത്തില്‍ മാധവന്കുട്ടിമാഷിന് നല്ല മതിപ്പാണ്. ഒറ്റയ്ക്കു കഴിയുന്ന മാധവന്‍കുട്ടിയെ സഹായിക്കാന്‍ വീട്ടുജോലിക്കായി ഭാമ എന്ന സുന്ദരി പെണ്‍കുട്ടിയുണ്ട്. കൂടാതെ ഒരു പാവം പയ്യനെ വീട്ടില്‍ നിര്‍ത്തി പഠിപ്പിക്കുന്നുണ്ട്. അതിനിടയില്‍ മാധവന്‍കുട്ടിക്ക് ഒരബദ്ധംപറ്റി. അറിയാതെ പെട്ടുപോയതാണ്.
ജനം മാഷിനെതിരെ തിരിഞ്ഞു. ഇതറിഞ്ഞ് ഭാര്യ വിമലയും ഭര്‍ത്താവിനെ തെറ്റിദ്ധരിച്ച് രംഗത്തെത്തിയപ്പോള്‍ തകര്‍ന്നത് മാധവന്‍കുട്ടിയായിരുന്നു. നിരപരാധിയായ മാധവന്‍കുട്ടിയുടെ സങ്കീര്‍ണവും രസകരവുമായ മുഹൂര്‍ത്തങ്ങളാണ് ‘ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം’ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
നവാഗതനായ ജോ ചാലിശ്ശേരി തിരക്കഥ എഴുതി സംവിധാനംചെയ്യുന്ന ‘ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം’ എന്ന ചിത്രത്തില്‍ മാധവന്‍കുട്ടിയായി ശ്രീനിവാസന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജശ്രീ നായരാണ് വിമലയായി പ്രത്യക്ഷപ്പെടുന്നത്. ഭാമയായി ഇനിയ അഭിനയിക്കുന്നു. നിവിന്‍ പോളി, ഇന്നസെന്റ്, നെടുമുടി വേണു, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, എന്‍.എല്‍. ബാലകൃഷ്ണന്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ചെമ്പില്‍ അശോകന്, കൊച്ചുപ്രേമന്, സുനില്‍ സുഖദ, ലക്ഷ്മിപ്രിയ, കെ.പി.എ.സി. ലളിത, അംബികാ നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീര്‍ ഹക്ക് നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവരുടെ വരികള്‍ക്ക് ഈണംപകരുന്നത് മോഹന്‍സിത്താരയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബാബു ജോസഫ് .
എഴുത്തുകാരന് സേതുവിന്റെ ദേശത്തിന്റെ വിജയം എന്ന കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ സംഭാഷണം രതീശ് സുകുമാരന്‍ എഴുതുന്നു. ഗ്രാമത്തില്‍ നിത്യം കാണുന്ന സംഭവങ്ങളും കുടുംബത്തിലുണ്ടാകുന്ന കൊച്ചുകൊച്ചു കാര്യങ്ങളെയും ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിക്കുന്ന ‘ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വടക്കാഞ്ചേരി, തൃശ്ശൂര്‍ എന്നിവിടങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല