സ്വന്തം ലേഖകൻ: വിമാനയാത്രയെ ജനാധിപത്യവത്കരിച്ച വിമാനമെന്നുപേരുള്ള 747 ജംബോ ജെറ്റ് ഇനി ബോയിങ് നിര്‍മിക്കില്ല. അവസാനത്തെ വിമാനം അമേരിക്കന്‍ വിമാനക്കമ്പനിയായ അറ്റ്ലസ് എയറിനു കൈമാറി ഇതിന്റെ നിര്‍മാണം ബോയിങ് അവസാനിപ്പിച്ചു. വാഷിങ്ടണിലെ എവെറെറ്റിലുള്ള ബോയിങ്ങിന്റെ നിര്‍മാണശാലയില്‍നടന്ന ചടങ്ങില്‍ കമ്പനിയുടെ ഇപ്പോഴത്തെയും മുമ്പത്തെയും ജീവനക്കാരും നടനും പൈലറ്റുമായ ജോണ്‍ ട്രവോള്‍ട്ടയുള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു.
വിമാനയാത്രക്കാരുടെ എണ്ണംകൂടിക്കൊണ്ടിരുന്ന 1960-കളിലാണ് ബോയിങ് 747 പിറന്നത്. കൂടുതല്‍യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനം പണിയാമോയെന്ന് പാന്‍ അമേരിക്കന്‍ എയര്‍വെയ്‌സ് ബോയിങ്ങിനോട് ചോദിച്ചു. അങ്ങനെ നാല് എന്‍ജിനും ആറുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള വാലും രണ്ടുതട്ടുമുള്ള വമ്പന്‍ വിമാനം 747 ഉണ്ടായി. ജോ സട്ടറായിരുന്നു എന്‍ജിനിയര്‍. യാത്രയ്ക്കുമാത്രമല്ല, ചരക്ക് കൊണ്ടുപോകാനും കഴിയണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു രൂപകല്പന. 1969-ല്‍ 747-ന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ നടന്നു.
അന്നുമുതല്‍ ഇന്നുവരെ ഈ മോഡലിലുള്ള 1574 വിമാനങ്ങള്‍ ബോയിങ്ങുണ്ടാക്കി. അമേരിക്കന്‍പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനമായും നാസയുടെ വ്യോമപേടകവാഹിനിയായും ഒരേസമയം അഞ്ഞൂറിലേറെ യാത്രക്കാരെ വഹിക്കുന്ന ജംബോ ജെറ്റായും 747 മാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല