സ്വന്തം ലേഖകൻ: വൈവിധ്യങ്ങളും പുതുമകളും നിറച്ച് രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിരാമം കുറിച്ചു. ബ്രിട്ടീഷ് ഓര്‍മകളെ മായ്ക്കുന്നതിനായി രാജ്പഥിനെ നവീകരിച്ചൊരുക്കിയ കര്‍ത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് പരേഡ് പ്രൗഢഗംഭീര കാഴ്ചകളാണ് സമ്മാനിച്ചത്.
അഗ്‌നിവീരന്‍മാരും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ മുഴുവന്‍ വനിതാ സംഘവും ഈ വര്‍ഷത്തെ ആകര്‍ഷണങ്ങളാണ്.
ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്.
കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. പരേഡില്‍ തന്റെ അംഗരക്ഷകസൈന്യത്തിന്റെ അകമ്പടിയോടെയാണ് രാഷ്ട്രപതിത്തിയത്. തുടര്‍ന്ന് 21 ഗണ്‍ സല്യൂട്ടോടെ പരേഡ് തുടങ്ങി. സേനാംഗങ്ങളുടെ മാര്‍ച്ചും നിശ്ചലദൃശ്യങ്ങളും ഫ്‌ലോട്ടുകളും പിന്നാലെയെത്തി. ടാബ്ലോകള്‍ ചെങ്കോട്ട വരെയെത്തി പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണത്തെ ചടങ്ങിലെ മുഖ്യാതിഥി. ആദ്യമായാണ് ഈജിപ്തിലെ ഒരു നേതാവ് അതിഥിയാകുന്നത്. രാവിലെ പത്തിന് പരേഡ് ആരംഭിക്കും. ഈജിപ്ഷ്യന്‍ പട്ടാളവും പരേഡിന്റെ ഭാഗമാകുന്നുണ്ട്.
സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തൊഴിലാളികള്‍, കര്‍ത്തവ്യപഥിലെ ശുചീകരണത്തൊഴിലാളികള്‍, റിക്ഷക്കാര്‍, പാല്‍ പച്ചക്കറി പലവ്യഞ്ജന വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്ക് 74-ാമത് റിപ്പബ്ലിക് ദിന പരേഡു വീക്ഷിക്കാന്‍ പ്രത്യേക ക്ഷണമുണ്ട്. കര്‍ത്തവ്യപഥില്‍ വി.വി.ഐ.പി.സീറ്റിലിരുന്ന് ഇവര്‍ പരേഡിന് സാക്ഷികളാകുന്നത്. പുതുതായി നിര്‍മിച്ച കര്‍ത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് വൈവിധ്യങ്ങളും പുതുമകളും നിറഞ്ഞതാണ്.
ഇക്കുറി എണ്‍പതിലേറെ വിമാനങ്ങളാണ് ഫ്‌ളൈപാസ്റ്റില്‍ ഭാഗമാകുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ഫ്‌ളൈ പാസ്റ്റാകും ഇക്കുറി അരങ്ങേറുക. കര, നാവിക സേനകളുടെ വ്യോമവിഭാഗത്തിലെ വിമാനങ്ങളും ഭാഗമാകുന്ന ഫ്‌ളൈ പാസ്റ്റ് ഏഴു ജാഗ്വാര്‍ വിമാനങ്ങള്‍ അമൃത് ഫോര്‍മേഷനില്‍ അണിനിരക്കുന്നതോടെയാണ് പൂര്‍ത്തിയാകുക. 1971-ലെ യുദ്ധത്തില്‍ നിര്‍ണായകമായിരുന്ന താംഗെല്‍ എയര്‍ഡ്രോപ്പിന് ആദരമായും വിമാനങ്ങള്‍ പറക്കും.
റഫാല്‍ യുദ്ധവിമാനം, നാവികസേനയുടെ മിഗ് 29 കെ, പി-81 നിരീക്ഷണവിമാനം എന്നിവയെല്ലാം ഫ്‌ളൈ പാസ്റ്റില്‍ ഭാഗാകും. വിവിധ സൈനികസംഘങ്ങള്‍ക്കും എന്‍.സി.സി., എന്‍.എസ്.എസ്. പരേഡ് സംഘത്തിനൊപ്പവും മലയാളികള്‍ പലരുമുണ്ട്. ഫ്‌ളൈ പാസ്റ്റോടെയാവും പരേഡ് അവസാനിക്കുന്നത്. 29-ന് വൈകീട്ട് വിജയ് ചൗക്കില്‍ സൈന്യം നടത്തുന്ന ബീറ്റിങ് റിട്രീറ്റ് എന്ന ചടങ്ങാണ് സംഗീതസാന്ദ്രമായ നന്ദിപ്രകടനവും മടക്കയാത്രയും.
റിപ്പബ്ലിക് പരേഡിന്റെ ചരിത്രത്തിലാദ്യമായി ബി.എസ്.എഫിന്റെ ഒട്ടക കണ്ടിജെന്റില്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകളും ഭാഗമാകും. രാജസ്ഥാന്റെ സാംസ്‌കാരികചരിത്രം ഉള്‍ക്കൊള്ളിച്ചുള്ളതാകും വനിതകളുടെ വേഷം.
പരേഡില്‍ ബോളിവുഡ്, പാശ്ചാത്യസംഗീതങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഇന്ത്യന്‍ രാഗങ്ങളാകും ഉള്‍പ്പെടുത്തുക. നാല് ഇന്ത്യന്‍ രാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് േവ്യാമസേനയുടെ പരേഡിന്റെ പശ്ചാത്തലസംഗീതം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല