ബ്രിട്ടന്റെ മൊത്തം സമ്പത്ത് 2007ല്‍ 7647 ബില്ല്യണ്‍ പൗണ്ടായിരുന്നത് ഇന്ന് വെറും 6860 ബില്ല്യണ്‍ പൗണ്ടായി കുറഞ്ഞിരിക്കുന്ന വാര്‍ത്ത പുറത്തു വന്നു.അതായത്, ഓരോ കുടുംബത്തിനും 30,000 പൗണ്ടിന്റെ നഷ്ടം ഇക്കാലയളവില്‍ സംഭവിച്ചിരിക്കുന്നു എന്നര്‍ത്ഥം.
കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും കുറഞ്ഞ പലിശ നിരക്കിലുള്ള മോര്‍ട്‌ഗേജ് ലഭ്യമായിരുന്നതിനാലാണ് ഇവിടുത്തെ ജനജീവിതത്തെ ഈ പ്രതിസന്ധി കാര്യമായി ബാധിയ്ക്കാതിരുന്നത്. ഏകദേശം 8,00,000 കുടുംബങ്ങളുടെ സമ്പത്താണ് ഈ രീതിയില്‍ സാമ്പത്തികപ്രതിസന്ധിയുടെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയിരിക്കുന്നത്. എന്നാല്‍ ഈ മാസം മുതല്‍ ചില ബാങ്കുകള്‍ പലിശ നിരക്ക് സ്വന്തം നിലയില്‍ ഉയര്‍ത്തിയതോടെ പുതിയ മോര്‍ട്‌ഗേജ് പ്രതിസന്ധി ഉടലെടുക്കും.മാസ തിരിച്ചടവില്‍ വരുന്ന വര്‍ധന മലയാളികളടക്കം ലക്ഷക്കണക്കിനാളുകളെ നേരിട്ട് ബാധിയ്ക്കുമെന്നുറപ്പാണ്.
കാരണം കൂടുതല്‍ മോര്‍ട്‌ഗേജ് കൊടുക്കേണ്ടി വരുന്നതോടെ ജനങ്ങളൂടെ വാങ്ങല്‍ശേഷി കുറയാനിടയുണ്ട്. അപ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ക്ക് ജീവിതനിലവാരത്തില്‍ ഗണ്യമായ മാറ്റം വരുത്തേണ്ടിയും വന്നേക്കാം. എന്നാല്‍, ജനങ്ങള്‍ മോര്‍ട്‌ഗേജ് എടുത്തിരിക്കുന്ന സ്ഥാപനങ്ങള്‍ തന്നെ തങ്ങളുടെ കടങ്ങള്‍ തിരിച്ചടക്കാന്‍ കഴിയാതെ വിഷമവൃത്തത്തിലായിരിക്കുകയാണ്. എന്നാല്‍ സാമ്പത്തികരംഗത്തെ ഈ ഏറ്റക്കുറച്ചില്‍ കാരണം പല പെന്‍ഷനേര്‍സും തങ്ങളുടെ ശിഷ്ടജീവിതം നയിക്കാന്‍ പുതിയ വീടുകള്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല, പലരും സമ്പത്തിനെ കറന്‍സിയായി കൈയില്‍ വെക്കാനെ ഇഷ്ടപ്പെടുന്നില്ല. കാരണം ഏതെങ്കിലുമൊരു ദുര്‍ബ്ബലനിമിഷത്തില്‍ സമ്പദ്ഘടനയാകെ തകരുകയാണെങ്കില്‍ തങ്ങളുടെ കൈയിലിരിക്കുന്ന പണം വില കുറഞ്ഞ് ഇല്ലാതാകുന്നത് കണ്ട് നില്‍ക്കാന്‍ ഇവര്‍ക്കാര്‍ക്കും ആഗ്രഹമില്ലത്രെ.അതിനാല്‍ തന്നെ പണത്തിന്റെ മൂല്യം ഉറപ്പിക്കാന്‍ കഴിയുന്ന മറ്റ് മേഖലകളില്‍ നിക്ഷേപം നടത്തുകയാണ് പലരും ചെയ്യുന്നത്.കുറെയധികം പേര്‍ സ്വര്‍ണം പോലുള്ള ലോഹങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് ചെയ്യുന്നത്. ചിലരാകട്ടെ, ഏറ്റവും വിശ്വസനീയമായ ബാങ്കുകളില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നു.
പൌണ്ട് വില ഈ ദിവസങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടും നല്ലൊരു ശതമാനം മലയാളികള്‍ക്കും നാട്ടിലേക്ക് അയക്കാന്‍ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണുള്ളത്. പണ്ടൊക്കെ രണ്ടുപേര്‍ ജോലി ചെയ്‌താല്‍ ഒരാളുടെ ശമ്പളം സമ്പാദിക്കാമെന്ന അവസ്ഥയായിരുന്നു.എന്നാല്‍ ഇപ്പോള്‍ അവസ്ഥ മാറി രണ്ടുപേരും ജോലി ചെയ്തില്ലെങ്കില്‍ വീട്ടു കാര്യങ്ങള്‍ നടന്നു പോകില്ല എന്ന നിലയിലാണ് കാര്യങ്ങള്‍.പണം സമ്പാദിക്കുന്നതിലുപരി എങ്ങിനെയെങ്കിലും ജീവിച്ചുപോയാല്‍ മതി എന്നാണ് ഓരോ മലയാളിയും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.ഒന്നും രണ്ടും വീടും മേടിച്ച പലര്‍ക്കും വേറൊരു രാജ്യത്തേക്ക് കുടിയേറുവാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.ചുരുക്കത്തില്‍ പറഞ്ഞാല്‍ പെട്ടു പോയിരിക്കുകയാണ് പലരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല