സിനിമയില്‍ എത്തിപ്പെടാനും ശോഭിയ്ക്കാനും കഴിവ് മാത്രം പോര എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിവുണ്ടായിട്ടും എത്രയോ പേര്‍ പുറത്ത് നില്‍ക്കുന്നു. ഒരു സിനിമയില്‍ നായകനാവാനുള്ള ചാന്‍സ് ചോദിച്ച് സംവിധായകര്‍ക്ക് പിറകേ നടക്കുന്നവര്‍ മലയാള സിനിമാരംഗത്തെ പുത്തന്‍ താരോദയം സന്തോഷ് പണ്ഡിറ്റിനെ കണ്ടുപഠിയ്ക്കണം.
ഒറ്റക്കൊരു ചിത്രം നിര്‍മ്മിച്ച് അതിന്റെ ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, എഡിറ്റിംഗ്, ഗ്രാഫിക്‌സ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, ഡിസൈനിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളിംഗ്, വസ്ത്രാലങ്കാരം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, വിതരണം എന്നിങ്ങനെ എല്ലാ കാര്യങ്ങളും സ്വയം ചെയ്ത് കഴിവ് തെളിയിച്ചിരിക്കുകയാണ് സന്തോഷ്. ചിത്രത്തില്‍ നായകനും സന്തോഷ് തന്നെ.
കൃഷ്ണനും രാധയും എന്ന ഈ ചിത്രം ആദ്യം രണ്ട് തീയേറ്ററുകളില്‍ മാത്രമേ പ്രദര്‍ശിപ്പിച്ചുള്ളൂവെങ്കിലും ഇപ്പോള്‍ ‘ജനപ്രീതി’ കണക്കിലെടുത്ത് 8 കേന്ദ്രങ്ങള്‍ കൂടി ചിത്രം ഏറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ടെന്നതാണ് പുതിയ വാര്‍ത്ത.
കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ പരസ്യമാണ് മറ്റൊരു കൗതുകം. സന്തോഷ് പണ്ഡിറ്റ് ‘പദവിയിലേയ്ക്ക്’ എന്നതാണ് പരസ്യങ്ങളുടെ ടൈറ്റില്‍. സിനിമയില്‍ 12 ജോലികള്‍ ഒരുമിച്ചു ചെയ്യുന്ന താന്‍ എന്തുകൊണ്ടും മമ്മൂക്കയ്ക്കും ലാലേട്ടനും മീതെയാണെന്ന് സന്തോഷ് പണ്ഡിറ്റ് പ്രഖ്യാപിച്ചാലും അതില്‍ അത്ഭുതപ്പെടാനില്ല. വീരപുത്രനും സാന്‍വിച്ചും പോലുള്ള ചിത്രങ്ങള്‍ തീയേറ്ററില്‍ ആളെ കിട്ടാതെ വിഷമിയ്ക്കുമ്പോഴാണ് ഈ ‘സന്തോഷ് പണ്ഡിറ്റ് തരംഗ’മെന്നതും ശ്രദ്ധേയമാണ്. എന്തായാലും ചിത്രം മുടക്കുമുതല്‍ തിരിച്ച് പിടിയ്ക്കുമെന്ന് ഉറപ്പിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല