ഇംഗ്ലണ്ട് ആള്‍ക്കൂട്ട രാജ്യമായി മാറിയെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ഇംഗ്ലണ്ടില്‍ നടത്തിയ സര്‍വ്വേയാണ് ഇത്തരത്തിലുള്ള നിഗമനങ്ങള്‍ക്ക് തെളിവ് നല്‍കിയത്. സര്‍വ്വേ പ്രകാരം ഇംഗ്ലണ്ടിലെ പത്തില്‍ എട്ടുപേരും ഇംഗ്ലണ്ട് ആള്‍ക്കൂട്ട രാജ്യമായെന്ന് വിശ്വസിക്കുന്നവരാണ്. കുടിയേറ്റക്കാര്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ട് കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ഇംഗ്ലണ്ടില്‍ ജനസംഖ്യ വല്ലാതെ കൂടിയെന്ന് തെളിയിക്കുന്ന സര്‍വ്വേഫലം പുറത്തുവരുന്നത്.
ഇംഗ്ലണ്ടിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ കുറച്ചുനാളുകളായി ഇ- പെറ്റീഷനുകള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേഫലങ്ങള്‍ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്ന ഭീതിയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍. കുടിയേറ്റത്തിനെതിരെ കഴിഞ്ഞ ദിവസംകൊണ്ട് 90,000 പേര്‍ ഒപ്പുവെച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ബ്രിട്ടണിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ജനസംഖ്യ 62.3 മില്യനായി ഉയര്‍ന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇങ്ങനെ പോയാല്‍ 2027 ഓടെ ബ്രിട്ടണിലെ ജനസംഖ്യ 70 മില്യനായി ഉയരുമെന്നും ജനസംഖ്യ വര്‍ദ്ധനവിനെക്കുറിച്ചുള്ള പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
കുടിയേറ്റം വര്‍ദ്ധിച്ചതും ജനനനിരക്ക് വര്‍ദ്ധിച്ചതും ആയുസ് വര്‍ദ്ധിച്ചതുമെല്ലാം ബ്രിട്ടണിലെ ജനസംഖ്യ വര്‍ദ്ധിച്ചതിന് കാരണമായി പറയുന്നുണ്ട്. എന്നാലും കുടിയേറ്റമാണ് ജനസംഖ്യ വര്‍ദ്ധിക്കാന്‍ പ്രധാന കാരണമെന്നാണ് ഭൂരിപക്ഷം ബ്രിട്ടീഷുകാരും വിശ്വസിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തതില്‍ 79 ശതമാനംപേരും ഇംഗ്ലണ്ട് ഇപ്പോള്‍ ആള്‍ക്കൂട്ട രാജ്യമായി മാറിയെന്ന് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല