അഹമദാബാദ്: വിവാഹത്തിനും പ്രണയത്തിനുമൊന്നും പ്രായമൊരു പ്രശ്‌നമേയല്ലെന്നാണ് ചിലര്‍ പറയാറുള്ളത്. ഗുജറാത്തുകാരനായ ഡോക്ടര്‍ ഭ്രമര്‍ലാല്‍ ജോഷിഇക്കൂട്ടത്തിലാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യയെ നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റയ്ക്കായ ജോഷി ഇപ്പോള്‍ എണ്‍പത്തിയൊന്നാം വയസ്സില്‍ രണ്ടാം കെട്ടിന് ഒരുങ്ങുകയാണ്.
ഞാന്‍ എല്ലാ തരത്തിലും ആരോഗ്യവാനാണ്, മാസം മുപ്പതിനായിരം രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ട്. ഒരു ബംഗ്ലാവും കാറും സ്വന്തമായുണ്ട്, പിന്നെ രണ്ടാമതൊരു വിവാഹം കഴിയ്ക്കുന്നതിലെന്താണ് കുഴപ്പം-ജോഷി ചോദിക്കുന്നു. മുതിര്‍ന്ന ആറ് മക്കളുണ്ട് ഇദ്ദേഹത്തിന്, മൂന്ന് ആണും മൂന്ന് പെണ്ണും. രണ്ടാം വിവാഹക്കാര്യത്തില്‍ മക്കളും മരുമക്കളുമെല്ലാം പിതാവിനെ പിന്തുണയ്ക്കുന്നുണ്ട്.
വഡോദര സ്വദേശിനിയായ അറുപത്തിരണ്ടുകാരിയെയാണ് ജോഷി വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ഒട്ടേറെ സ്ഥലങ്ങള്‍ കാണാനായി യാത്രപോകണമെന്നാണ് ജോഷിയുടെ പദ്ധതി. വിവാഹശേഷം തന്റെ പെന്‍ഷന്‍ പണത്തിന്റെ പാതി ഭാര്യയ്ക്ക് നല്‍കുമെന്നും തന്റെ മരണശേഷവും അവര്‍ക്ക് ജീവിതകാലം മുഴുവന്‍ തന്റെ വീട്ടില്‍ താമസിക്കാമെന്നുമാണ് ജോഷി നല്‍കിയിരിക്കുന്ന വാഗ്ദാനം.
മുമ്പ് ജോഷിയ്ക്ക് ഒരു 52കാരിയെയായിരുന്നു തീരുമാനിച്ചിരുന്നത്. അവരുടെ മകള്‍ ഗര്‍ഭിണിയായിരുന്നു. മകളുടെ പ്രസവം കഴിഞ്ഞിട്ടുമാത്രം മതി വിവാഹമെന്നായിരുന്നു അവരുടെ തീരുമാനം. അങ്ങനെയാകുമ്പോള്‍ മൂന്നുമാസം കാത്തിരിക്കണം. പക്ഷേ എത്രയും കാത്തിരിക്കാന്‍ ജോഷി തയ്യാറല്ലായിരുന്നു- വിവാഹം തരപ്പെടുത്തിയ വിവാഹബ്യൂറോ അധികൃതര്‍ പറയുന്നു.
വീണ മൂല്യ അമൂല്യ സേവ എന്ന വിവാഹബ്യൂറോക്കാരാണ് ജോഷിയ്ക്കായി വധുവിനെ കണ്ടെത്തിയത്. മുതിര്‍ന്ന പൗരന്മാരുടെ വിവാഹക്കാര്യങ്ങള്‍ക്കായി സഹായം നല്‍കുന്ന സ്ഥാപനമാണിത്. ഇതുവരെ ഇത്തരത്തില്‍ 33 പൗരന്മാരെ വിവാഹജീവിതത്തിലേയ്ക്ക് നയിച്ചുവെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ നാതുഭായ് പട്ടേല്‍ പറയുന്നു. ഇക്കൂട്ടത്തില്‍ ജോഷിയാണത്രേ ഏറ്റവും പ്രായം കൂടിയയാള്‍. ഇതിന് മുമ്പ് വിവാഹം ചെയ്തവരില്‍ ഏറ്റവും മുതിര്‍ന്നയാള്‍ 73കാരനായ ഒരു മുന്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല