ലണ്ടന്‍: ബ്രിട്ടനില്‍ 86,000യുവാക്കള്‍ അവശത യനുഭവിക്കുന്നവര്‍ക്കായുള്ള സിക്ക് ബെനഫിറ്റ് വാങ്ങുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇതില്‍ 18-24നും ഇടയില്‍ പ്രായമുള്ള 20,000 പേര്‍ അഞ്ച് വര്‍ഷത്തിലധികമായി സിക്ക് ബെനഫിറ്റ് സ്വീകരിക്കുന്നുണ്ട്. ഈ നിയമം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അല്ലാത്തപക്ഷം ഒരിക്കല്‍ പോലും ജോലിചെയ്തിട്ടില്ലാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
16-24നും ഇടയില്‍ പ്രായമുള്ള അഞ്ചിലൊന്നുപേരും (ഏകദേശം പത്തുലക്ഷം) തൊഴിലില്ലാത്തവരാണെന്ന് കഴിഞ്ഞയാഴ്ചത്തെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണിത്. യുവാക്കളില്‍ ഭൂരിപക്ഷം പേരും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് വിരമിക്കുകയാണെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോലിയൊന്നുമില്ലാത്തവരില്‍ കുറച്ചുപേര്‍ മാത്രമാണ് ജോലി അന്വേഷിച്ച് പോകുന്നത്. ബാക്കിയുള്ളവര്‍ ഒരു തൊഴിലുംചെയ്യാതെ ജീവിക്കുന്നവരാണ്.
തുടക്കത്തില്‍ 68.95പൗണ്ട് ലഭിക്കുന്ന വേതനം ഒരുവര്‍ഷം കഴിയുമ്പോള്‍ 91.40ആയി ഉയരും. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൊണ്ട് ജോലി ചെയ്യാന്‍ കഴിയാത്തവരെ സഹായിക്കാനാണ് സര്‍ക്കാര്‍ ഈ തുക നല്‍കുന്നത്. എന്നാല്‍ ജോലിചെയ്ത് ജീവിക്കാന്‍ കഴിയുന്ന പല യുവാക്കളും ഈ പണത്തിന് വേണ്ടിയുള്ള ക്യൂവിലുണ്ടെന്ന് തൊഴില്‍ മന്ത്രി ക്രിസ് ഗ്രേലിങ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല