ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ മേഹേന്ദ്ര സിങ് ധോണി മൈസൂര്‍ മൃഗശാലയിലെ ഒരു കടുവയെ ദത്തെടുത്തു. അഗസ്ത്യയെന്ന് പേരുള്ള കടുവയെയാണ് ധോണി ദത്തെടുത്തിരിക്കുന്നത്.
കടുവയുടെ സംരക്ഷണത്തിനായുള്ള ഒരു ലക്ഷം രൂപ മൈസൂര്‍ മൃഗശാല അധികൃതര്‍ക്ക് നല്‍കാനായി ധോണി മുന്‍ ക്രിക്കറ്റ് താരം ശ്രീനാഥിനെ ഏല്‍പ്പിച്ചു.
ജനങ്ങളില്‍ മൃഗങ്ങളോടുള്ള കരുതലും സ്‌നേഹവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം വച്ചാണ് താന്‍ അഗസ്ത്യയെ ദത്തെടുക്കുന്നതെന്ന് ധോണി പറഞ്ഞു. മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്, അതിന് വ്യക്തികള്‍ മുന്നോട്ടുവരുകതന്നെ വേണം. കടുവ നമ്മുടെ ദേശീയ മൃഗമാണ്, അവയ്ക്ക് വംശനാശം സംഭവിക്കാന്‍ പാടില്ല, സംരക്ഷണം നല്‍കണം- അദ്ദേഹം പറഞ്ഞു.
ദത്തെടുക്കല്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കാന്‍ ധോണിയെ സഹായിച്ചത് ശ്രീനാഥാണ്. അഗസ്ത്യയ്ക്ക് ഇപ്പോള്‍ ഒന്‍പത് വയസ്സാണ് പ്രായം. ഇതിന് മുമ്പ് മൈസൂര്‍ മൃഗശാലയില്‍ നിന്നും എട്ടു കടുവകള്‍ ഇത്തരത്തില്‍ ദത്തെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തേ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ ഒരു കടുവയെ ദത്തെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല