![](https://www.nrimalayalee.com/wp-content/uploads/2022/03/9-Year-Old-Travelled-Flight-Unnoticed.png)
സ്വന്തം ലേഖകൻ: ആരുമറിയാതെ ബ്രസീലുകാരനായ ഇമ്മാനുവൽ മാർക്വസ് ഡി ഒലിവേര എന്ന കുട്ടിക്കുറുമ്പൻ ഒളിച്ച് യാത്ര ചെയ്തത് 2,700 കിലോമീറ്ററാണ്. എങ്ങനെയാണ് കുട്ടി ആരും അറിയാതെ ഇത്രയും ദൂരം യാത്ര ചെയ്തതെന്ന് ആശ്ചര്യപ്പെടുകയാണ് ലോകം മുഴുവൻ. വീടിനടുത്തുള്ള മനോസിലെ വിമാനത്താവളത്തിൽ നിന്നാണ് കുട്ടി ലാറ്റിനമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിൽ കയറിപ്പറ്റിയത്.
ഗ്രേറ്റർ സാവോപോളയിലെ ഗ്വാലോസ് വിമാനത്താവളത്തിൽ ഇറങ്ങാനായിരുന്നു ഇമ്മാനുവലിന്റെ ലക്ഷ്യം. എങ്ങനെ ആരുടേയും കണ്ണിൽപ്പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളിൽ നോക്കിയതിന് ശേഷമാണ് ഇമ്മാനുവൽ യാത്ര ആരംഭിച്ചത്. ഗൂഗിളിൽ എങ്ങനെയാണ് കനത്ത സുരക്ഷ പഴുതുകൾ ഉപയോഗിച്ച് മറികടക്കാമെന്നതിന്റെ വിശദമായ വിവരമുണ്ടായിരുന്നുവെന്ന് ഇമ്മാനുവൽ പറയുന്നു.
ഇമാനുവൽ സുഖമായി ആകാശ യാത്ര ചെയ്യുമ്പോൾ അവന്റെ വീട്ടിലെ സ്ഥിതി മറിച്ചായിരുന്നു.ഉറക്കമെഴുന്നേറ്റ ഇമ്മാനുവലിന്റെ അമ്മ ഞെട്ടി. ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ കാണാനില്ല. മകനെ ആരോ തട്ടിക്കൊണ്ട് പോയതാണെന്ന് ഭയന്ന് ഇമ്മാനുവലിന്റെ അമ്മ പോലീസിൽ പരാതി നൽകി. പിന്നീടാണ് മകന് എന്താണ് സംഭവിച്ചതെന്ന് അമ്മ അറിഞ്ഞത്. രാവിലെ കാണാതായ മകനെ രാത്രിയോടെ തിരികെ ലഭിച്ചെങ്കിലും കാര്യങ്ങൾ നിസ്സാരമാക്കി വിടാൻ അമ്മ ഒരുക്കമായിരുന്നില്ല.
അവർ ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. എങ്ങനെയാണ് രേഖകളില്ലാതെ ഒരു കുട്ടി വിമാനത്തിൽ യാത്രചെയ്തതെന്നും അതിന് വിമാനത്താവളത്തിലെയും വിമാനത്തിലെയും സുരക്ഷാ വീഴ്ച എങ്ങനെ കാരണമായി എന്നും അന്വേഷിച്ച് നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിക്കുന്നത്. സംഭവത്തെക്കുറിച്ച് മനോസ് വിമാനത്താവള അധികൃതരും ലാറ്റം വിമാന സർവീസ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ പാളിച്ചകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ഇത്ര ദൂരം റിസ്‌ക് എടുത്ത് യാത്ര ചെയ്യാൻ ഇമ്മാനുവലിനെ പ്രേരിപ്പിച്ചത് എന്തായിരിക്കാം എന്നാണ് ആളുകൾ ചോദിക്കുന്നത്. വീട്ടിൽ ഏതെങ്കിലും തരത്തിൽ കുട്ടി ഗാർഹിക പീഡനം നേരിട്ടിരുന്നോ എന്നും സംശയം പ്രകടിപ്പിച്ചവരുണ്ട്. അതിനെല്ലാമുള്ള ഉത്തരം ഇമ്മാനുവലിന്റെ പക്കൽ തന്നെയുണ്ട്. സാവോപോളയിലെ തന്റെ ബന്ധുക്കളുടെ കൂടെ താമസിക്കാനും പിന്നെ ആകാശ യാത്രയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനും!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല