1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2025

സ്വന്തം ലേഖകൻ: യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ കൊണ്ടുവരാൻ അവസരം. 30, 60, 90 ദിവസ കാലാവധിയുള്ള വീസയിൽ കൊണ്ടുവരാനാണ് അനുമതിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

തുല്യകാലയളവിലേക്ക് പുതുക്കുകയും ചെയ്യാം. ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ ഇതിന് അപേക്ഷിക്കാം. എന്നാൽ വീസ കാലാവധിക്കുശേഷം രാജ്യം വിടാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി. ഒന്നു മുതൽ 3 മാസം വരെ കാലാവധിയുള്ള സിംഗിൾ എൻട്രി, ഒന്നിലേറെ തവണ യാത്ര ചെയ്യാവുന്ന മൾട്ടിപ്പിൾ എൻട്രി വീസ തിരഞ്ഞെടുക്കാം. വീസ ലഭിച്ചാൽ 60 ദിവസത്തിനകം രാജ്യത്ത് പ്രവേശിച്ചാൽ മതി.

ഐസിപി വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ഡിജിറ്റൽ ഐഡി (യുഎഇ പാസ്) ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം വീസ ഓപ്ഷനിൽ പ്രവേശിച്ച് സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ സിലക്ട് ചെയ്യണം. പിന്നീട് വീസിറ്റ് എ റിലേറ്റീവ് ഓർ ഫ്രണ്ട് എന്ന ഓപ്ഷനിൽ ആവശ്യമുള്ള കാലാവധിയനുസരിച്ച് സിലക്ട് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി ഫീസ് അടച്ചാൽ തത്സമയം ഡിജിറ്റലായി തന്നെ വീസ ലഭിക്കും. വ്യക്തിയുടെ പേരും വിലാസവും തെറ്റുകൂടാതെ രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷമേ അപേക്ഷ സമർപ്പിക്കാവൂ.

അപേക്ഷകന് 6 മാസ കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഉണ്ടായിരിക്കണം. വീസ ഉടമ യുഎഇ പൗരന്റെയോ യുഎഇ വീസക്കാരന്റെയോ സുഹൃത്തോ ബന്ധുവോ ആയിരിക്കണം.

ഐസിപി നിർദേശിക്കുന്ന ഒന്ന്, രണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികൾക്കു മാത്രമേ സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വീസയെടുക്കാനാകൂ. ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികയിൽ ജോലി ചെയ്യുന്നവരെയാണ് ഒന്ന്, രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സമാഗമത്തിലൂടെ സന്തോഷവും ജീവിത നിലവാരവും ഉയർത്തുന്നതിനാണ് പുതിയ വീസ നൽകുന്നതെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു.

നിലവിൽ 10,000 ദിർഹം ശമ്പളമുള്ളവർക്കു മാത്രമേ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സ്പോൺസർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിന് 3000 ദിർഹവും കമ്പനി താമസ സൗകര്യവും ഉണ്ടായിരിക്കണം. താമസ സൗകര്യമില്ലാത്തവർക്ക് കുറഞ്ഞത് 4000 ദിർഹമാണ് കുടുംബത്തെ കൊണ്ടുവരാനുള്ള ശമ്പള പരിധി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.