1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2011

ലോകത്തെ നടുക്കിയ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ അമേരിക്ക ആശങ്കയുടെ മുള്‍മുനയില്‍. 9/11 ആക്രമണം നടന്നിട്ടു പതിറ്റാണ്ടു പൂര്‍ത്തിയാകുകയും അതിന്റെ സൂത്രധാരനായ ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെടുകയും ചെയ്‌ത പശ്‌ചാത്തലത്തില്‍ അല്‍ക്വയ്‌ദ അമേരിക്കന്‍ മണ്ണില്‍ ആക്രമണത്തിനു പദ്ധതിയിട്ടിട്ടുണ്ടെന്നാണു സി.ഐ.എയ്‌ക്കു ലഭിച്ച രഹസ്യവിവരം. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ജനത ഭീതിയിലാണ്. രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്നുപേര്‍ക്കായുള്ള തെരച്ചില്‍ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഏജന്‍സികളും ഊര്‍ജിതമാക്കി. ന്യൂയോര്‍ക്കിലോ വാഷിങ്ടണിലോ സഫോടനത്തിലൂടെ നാശമുണ്ടാക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടതിന്റെ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.

അല്‍ ഖ്വെയ്ദ തന്നെയാണ് ഈ ആക്രമണത്തിന് കോപ്പുകൂട്ടുന്നതെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്‍റണ്‍ പറഞ്ഞു. ഈ ദൗത്യവുമായി യു. എസ്സില്‍ കടന്നിരിക്കുന്ന മൂന്നു ഭീകരരില്‍ രണ്ടു പേര്‍ അമേരിക്കന്‍ പൗരന്‍മാര്‍ തന്നെയാണെന്നതിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടശേഷം അല്‍ഖായ്ദ തലവനായി ചുമതലയേറ്റ അയ്മാന്‍ അല്‍ സവാഹിരിയാണ് സംഘത്തെ നിയോഗിച്ചതെന്നും വിവരമുണ്ട്. ബിന്‍ ലാദന്റെ വധത്തിന് അമേരിക്കന്‍ മണ്ണില്‍ പ്രതികാരം ചെയ്യുമെന്ന് സവാഹിരി പ്രഖ്യാപിച്ചിട്ടുമുണ്ട്.

പാകിസ്‌താനിലെ അബോട്ടാബാദില്‍ ലാദന്‍ കൊല്ലപ്പെട്ട ഒളിയിടത്തില്‍നിന്നു ലഭിച്ച രേഖകളിലും 9/11 വാര്‍ഷികത്തില്‍ നടത്തേണ്ട ആക്രമണങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്‌. അതാണ് അമേരിക്കന്‍ ഭരണകൂടത്തെ പേടിപ്പിക്കുന്നതും.

അല്‍ഖാഇദയുടെ ഭീഷണി ഇവിടെ മാത്രം ഒതുങ്ങുന്നതല്ലെന്നും ലണ്ടന്‍ മുതല്‍ മുംബൈ വരെ അതിന്റെ കരങ്ങളുണ്ടെന്നും ഹിലരി ക്ലിന്റണ്‍ കൂട്ടിച്ചേര്‍ത്തു. ‘9/11നു ശേഷം ലണ്ടനും ലാഹോറും മഡ്രിഡും മുംബൈയുമെല്ലാം അവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ആയിരക്കണക്കിന് നിരപരാധികള്‍ ഈ ആക്രമണങ്ങളില്‍ മരിച്ചു. ഇതില്‍ കൂടുതലും മുസ്‌ലിംകളാണ്’-ഹിലരി പറഞ്ഞു. അമേരിക്ക ഒരിക്കലും ഇസ്്‌ലാമിനെതിരെ യുദ്ധം നടത്തിയിട്ടില്ലെന്നും ഇനി ഒരു കാലത്തും യുദ്ധം നടത്തില്ലെന്നും പ്രസിഡന്റ് ബറാക് ഒബാമയും പറഞ്ഞു. നിരവധി രാജ്യങ്ങളെ ആക്രമിക്കുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളെ കൊന്നൊടുക്കുകയും ചെയുന്ന അല്‍ഖാഇദക്കെതിരെയാണ് അമേരിക്കയും സഖ്യരാജ്യങ്ങളും യുദ്ധം ചെയ്യുന്നത്. അല്‍ഖാഇദയുടെ ആക്രമണങ്ങളില്‍ കൂടുതലും കൊല്ലപ്പെടുന്നത് മുസ്ലീങ്ങളാണെന്നും ഒബാമ ചൂണ്ടികാട്ടി.

എന്തായാലും അമേരിക്ക ഇപ്പോള്‍ ഭീതിയുടെ നിഴലില്‍ ആണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലതന്നെ. എപ്പോള്‍ വേണമെങ്കിലും ഒരാക്രമണം ഉണ്ടാകാമെന്ന ഭീതിയോടെ ഓരോ പൗരനും യാത്ര ചെയ്യുന്നത്. അമേരിക്ക സന്ദര്‍ശിക്കുന്ന സ്വന്തം പൗരന്‍മാര്‍ക്കു ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ജനത്തിരക്കേറിയ കേന്ദ്രങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനാണു നിര്‍ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.