പ്രണയദിന കവിതകള്‍
ശലഭവും പൂന്തോപ്പും പിന്നെ വണ്ടും – ജോഷി പുലിക്കൂട്ടില്‍
ഞാനിന്നിവിടെ നില്‍ക്കുമ്പോള്‍
ഓര്‍ക്കുന്നൂ ഞാന്‍ ആ കാലം
ഓര്‍മ്മകള്‍ നെയ്യും പൂന്തോപ്പില്‍
ഞാനൊരു വണ്ടായി പാറുന്നു
കാലത്തിന്റെ കളിത്തട്ടില്‍
കരിവണ്ടായി ഞാന്‍ മൂളുന്നു
എന്നുടെ ശബ്ദം കേള്‍ക്കാനായ്
പൂവുകള്‍ കാറ്റില്‍ ആടുന്നു
ആരാമത്തിലെ ആനന്ദം
അറിയുന്നൂ ഞാനീ നേരം
എന്നുടെ സ്പര്‍ശം കിട്ടുമ്പോള്‍
ഓരോ പൂവും തളരുന്നു
ആരാമത്തിലെ രാജാവായ്
അന്നൊരു ശലഭം വന്നെത്തി
ചെടികള്‍ക്കെല്ലാം അഴകായി
ചേര്‍ന്നു നടക്കുന്നാ ശലഭം
ശലഭം നല്‍കും പ്രണയത്താല്‍
പൂവുകളെന്നെ വെറുത്തല്ലോ
അഭിമാനത്തിനു ക്ഷതമേറ്റാ
ആരാമം ഞാന്‍ പിരിഞ്ഞല്ലോ
ഞാനിന്നിവിടെ നില്‍ക്കുമ്പോള്‍
ഓര്‍ക്കുന്നൂ ഞാന്‍ ആ കാലം
ഓര്‍മ്മകള്‍ നെയ്യും പൂന്തോപ്പില്‍
ഞാനൊരു വണ്ടായി പാറുന്നു
പ്രണയദിനം
– എബി തോമസ്
ഇന്ന് ഈ പ്രണയ ദിനത്തില്‍
ഒരു മെയിലും നിന്റെയില്ല… ഇന്ന് നീയെന്നെ വിളിക്കില്ല .
ഒരു എസ് എം എസ് ആശംസയും എനിക്ക് അയക്കില്ല .
നിനക്കറിയാം പ്രണയം ഒരു വന്‍ തിര പോലെ
എന്നെ എടുതുലയ്ക്കുമെന്നു ..എന്നെ വലിച്ച് എറിയുമെന്ന് ..
എന്‍റെ വഴികളില്‍ എന്നെ അന്യനാക്കുമെന്നു ..
ശൂന്യമായ ഈ വഴിയില്‍..
ഇപ്പൊ ഓരോ നിമിഷവും നീ തന്നെയാണ് ..
നീ മാത്രമാണ് ..ചുറ്റും പേരറിയാത്ത
ചുവന്ന പൂവുകളും ..
പ്രണയദിനം _ ശ്രീദേവിനായര്‍.
ഒരുപൂവിതള്‍ നുള്ളിപ്രണയത്തെകാക്കുക,
മറുപൂവിതളിലെ വിരഹത്തെഓര്‍ക്കുക.
പ്രണയത്തെക്കണ്ടൊരുകണ്ണുകള്‍കൊണ്ടുനീ,
വിരഹത്തെക്കണ്ടുള്ളില്‍ സൂക്ഷിച്ചുവയ്ക്കുക!
പ്രിയമായൊരാള്‍വന്നുകാത്തുനിന്നതാം
കാലത്തെയപ്പാടെ വിസ്മരിച്ചീടുക.
പ്രേമത്തിന്‍ പാഴ്വാക്കുചൊല്ലിവിളിച്ചൊരു,
പ്രണയിയെക്കാണാതെ വാതിലടയ്ക്കുക.
മറവിതന്‍ മായയില്‍ പ്രേമത്തെക്കണ്ടൊരു
കാമുകനെനീഓര്‍ക്കാതിരിക്കുക,
ജീവിതവല്ലരി പൂത്തുലഞ്ഞീടുന്ന
പൂങ്കാവനത്തെ തേടാതിരിക്കുക…!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല