1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2010
കഷ്ട്ടകാലന്‍
പുലികള്‍ പലതരമുണ്ട്.,പായും പുലി,പുള്ളിപ്പുല്ലി,,പുപ്പുലി,പൂച്ചപ്പുലി,ചീറ്റപ്പുലി, കരിമ്പുലി, ഹിമാലയന്‍  പുലി, മേഘപ്പുലി, മഞ്ഞുപുലി, വെള്ളപ്പുലി, കടലാസുപുലി, ആണ്‍ പുലി,പെണ്‍ പുലി..
പുലിയെക്കുറിച്ച് ആദ്യം കഷ്ട്ടകാലന്‍ കേള്‍ക്കുന്നത് ബാലരമ വായിച്ചാണ്.ശിക്കാരി ശംഭുവിന്റെ വലയില്‍ വീഴാതെ വെട്ടിച്ചു നടക്കുന്ന ആ പാവം പുലിയോടു പലപ്പോഴും സഹതാപം തോന്നിയിട്ടുണ്ട്.തൃശ്ശൂരില്‍ നടക്കുന്ന പുലി കളിയില്‍ കൂടിയാണ് പിന്നീട് പുലിയെ അറിഞ്ഞത്.ഇടയ്ക്കിടയ്ക്ക് ഇടുക്കി,പാലക്കാട് ജില്ലകളിലെ പാവപ്പെട്ട കൃഷിക്കാരുടെ ആട്ടിന്‍ കുഞ്ഞുങ്ങളെ ശാപ്പിടാന്‍ വരുന്ന പുലിക്ക്  എന്‍റെ മനസ്സില്‍ ഒരു വില്ലന്‍റെ സ്ഥാനമായിരുന്നു.ആ ഭയം ഉള്ളിലുള്ളതുകൊണ്ടാവണം ഇംഗ്ലണ്ടില്‍ പുലിയിറങ്ങി എന്നു കേട്ടപ്പോഴേ നെഞ്ചില്‍ ഒരു കിടുകിടിപ്പ്‌
ഉള്ളത് പറയാമല്ലോ,പലരും കളിയാക്കുന്നത് പോലെ സാരിത്തുമ്പ് വിസയില്‍ വന്നത് കൊണ്ടാവണം പുലിയെന്നല്ല എലിയെന്ന് കേള്‍ക്കുമ്പോഴേ കഷ്ട്ടകാലനോട് ഇപ്പോള്‍ പേടിയാണ്.ആ എന്നെ പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞ്  പേടിപ്പിക്കാന്‍ തുടങ്ങിയിട്ട് ദിവസം രണ്ടായി.പുലിയെ പേടിച്ച് എങ്ങിനെ പുറത്തിറങ്ങും.ഒരു വണ്ടിയുള്ളതാനെങ്കില്‍ പെമ്പ്രന്നോത്തി ഡ്യൂട്ടിക്ക് കൊണ്ടു പോയെക്കുവാ…നാട്ടിലാണെങ്കില്‍ ഓട്ടോ റിക്ഷ വിളിക്കാമായിരുന്നു.NHS ആയിരുന്നെങ്കില്‍
സിക്കടിക്കാമായിരുന്നു.ജോലിയില്ലെങ്കില്‍ പോകേണ്ടായിരുന്നു. പാവം കമ്പനിപ്പണിക്കാരനായ ഞാന്‍ എന്ത് ചെയ്യും ..പുലിയുടെ വലയില്‍ കുടുങ്ങിയതു തന്നെ …
ലിവര്‍പൂളില്‍ പുലിയിറങ്ങിയെന്നു കോട്ടയത്ത്‌ നിന്നുള്ള ശിക്കാരിയാണ് ഇക്കഴിഞ്ഞ ദിവസം യു കെ മലയാളികളെ എഴുതി അറിയിച്ചത്.എലികളെയും പുലികളെയും പിടികൂടുന്നതിന് പേരുകേട്ട ഈ ശിക്കാരി മുന്‍പും യു കെയിലെ പല  പ്രമുഖ പുലി വേട്ടകള്‍ക്കും നേതൃത്വം കൊടുത്തിട്ടുണ്ട്‌.പൂച്ചയെ പുലിയാക്കാനും പുലിയെ പൂച്ചയാക്കാനും ബഹു മിടുക്കനായ അദ്ദേഹം ഇത്തവണ രണ്ടും കല്‍പ്പിച്ച് ആണെന്നാണ് കഷ്ട്ടകാലന്‍ കരുതിയത്‌.ഇപ്പം വരും വരുമെന്ന് പറഞ്ഞു  കൊതിപ്പിച്ച ഈ പുലി മല പോലെ വന്ന് എലി പോലെ പോകുന്ന വെറും കടലാസ് പുലിയാകുമെന്ന് കരുതിയിരുന്നപ്പോഴാണ് രണ്ടു ദിവസത്തെ മൌനത്തിനു ശേഷം ലിവര്‍പൂള്‍ പുലിയെ പിടികൂടിയെന്ന  അവകാശവാദവുമായി നമ്മുടെ ശിക്കാരി
എത്തിയിരിക്കുന്നത്.
എന്നാല്‍ കഷ്ട്ടകാലന്റെ എളിയ അറിവു പ്രകാരം ലിവര്‍പൂളിലേത് വെറും പൂച്ച മാത്രമാണ്.പുപ്പുലികളും കരിമ്പുലികളും യു കെയുടെ നാനാഭാഗത്തും കറങ്ങിനടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.അതില്‍ ചില പായുംപുലികളാണ്  നമ്മുടെ ശിക്കാരിയെ നിലനിര്‍ത്തുന്നതെന്ന് വരെ പറഞ്ഞ് കേള്‍ക്കുന്നു.  ഈ പുലികളുടെ സ്വാധീനം മൂലമാണത്രെ പുലിവേട്ട വൈകിപ്പിക്കാന്‍ ശിക്കാരി തയ്യാറായത്.
വന്‍ പുലികളെ വേട്ടയാടി പ്രശസ്തനായ നമ്മുടെ ശിക്കാരി തന്‍റെ വേണ്ടപ്പെട്ടവരായ
ഈ പുപ്പുലികളെ നേരിടാന്‍ തയ്യാറാകുമോ എന്ന് നമുക്ക് നോക്കാം.അതോ വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ ലിവര്‍പൂളിലെ പൂച്ചയെ മാത്രം പിടിച്ച് നായാട്ട് മതിയാക്കുമോ ? ശിക്കാരിയുടെ അടുത്ത നീക്കമെന്തായിരിക്കും….അദ്ദേഹം തന്നെ  കഥ,തിരക്കഥ,സംഭാഷണം,സംവിധാനം,നിര്‍മ്മാണം,വിതരണം എന്നിവ നിര്‍വഹിച്ച ഈ പുലികളിയുടെ അടുത്ത രംഗത്തിനായി നമുക്ക് ക്ഷമാപൂര്‍വം കാത്തിരിക്കാം …. പുലികളാണോ,പൂച്ചകള്‍ ആണോ അതോ സാക്ഷാല്‍ ശിക്കാരിയാണോ പുല്ലു തിന്നുന്നതെന്ന് കാണാന്‍ ….

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.