1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2011


ലിബിയയിലെ പ്രക്ഷോഭ കൊടുങ്കാറ്റില്‍ പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫിക്ക് അടി തെറ്റുന്നു. രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയായ കൈറിനൈകിയുടെ നിയന്ത്രണം ഗദ്ദാഫി ഭരണകൂടത്തിനു പൂര്‍ണ്ണമായും നഷ്ടമായി. പ്രതിഷേധം ആളിക്കത്തുന്ന ബെന്‍ഗാസി നഗരം ഉള്‍പ്പെടുന്ന പ്രദേശമാണിത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണ് ബെന്‍ഗാസി. പ്രക്ഷോഭകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ ആഭ്യന്തര മന്ത്രി അബ്ദുള ഫത്താ യൂനസ് രാജിവെച്ചതും ഗദ്ദാഫിക്ക് തിരിച്ചടിയായി. ഗദ്ദാഫിയുടെ ഉറ്റ സുഹൃത്താണിയാള്‍.

ലിബിയിയിലെ പ്രധാന എണ്ണ ഉത്പാദക മേഖല സൈറനേസിയയുടെ നിയന്ത്രണവും ഭരണകൂടത്തിന് നഷ്ടമായി. പല രാജ്യങ്ങളിലെയും ലിബിയന്‍ നയതന്ത്രജ്ഞര്‍ ഗദ്ദാഫി വിരുദ്ധ പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജിവെക്കുന്നതു തുടരുകയാണ്. ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാമിന്റെ അടുത്ത സഹായികളിലൊരാളും രാജി വെച്ചിട്ടുണ്ട്.

ലിബിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ യു എന്‍ രക്ഷാസമിതി രംഗത്ത് വന്നിട്ടുണ്ട്. അതിക്രമങ്ങളെ അപലപിക്കുന്ന പ്രമേയം യു എന്‍ രക്ഷാസമിതി പാസാക്കി. ഇന്ത്യയടക്കമുള്ള പതിനഞ്ച് അംഗരാജ്യങ്ങളും ഏകകണ്ഠമായാണു പ്രമേയം പാസാക്കിയത്. പ്രക്ഷോഭകാരികള്‍ക്കു നേരെയുള്ള സൈനിക ആക്രമണങ്ങളെ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ അപലപിച്ചു. ജനങ്ങള്‍ക്കു നേരെ വെടിവയ്ക്കുന്നതു സ്ഥിതിഗതികള്‍ വഷളാക്കുമെന്നും ഒബാമ പറഞ്ഞു. ജനകീയ പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയതിന്റെ പേരില്‍ ലിബിയയെ അറബ് ലീഗില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

അതിനിടെ, രാജ്യത്ത് പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ലിബിയന്‍ അധികൃതരുടെ കണക്ക് പ്രകാരം മരണസംഖ്യ 300 മാത്രമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.