ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ നാണയഭാഗ്യം ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യന്‍ നായകന് ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു.
ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിനുള്ള പതിനൊന്നംഗ ടീമില്‍ മലയാളി താരം എസ് ശ്രീശാന്തിന് ഇടം ലഭിച്ചില്ല. രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നത്. പിയൂഷ് ചൌളയാണ് ഹര്‍ഭജനൊപ്പം സ്പിന്‍ ആക്രമണത്തില്‍ പങ്കാളിയാകുക.
ബംഗദേശിനെതിരെ ആദ്യവിജയം നേടിയ ആത്മവിശ്വാസത്തിലാണു ഇന്ത്യന്‍ നായകന് മഹേന്ദര്‍ സിങ് ധോണിയും കൂട്ടരും. ഹോളണ്ടിനെതിരെ ബുദ്ധിമുട്ടി നേടിയ വിജയമാണ് ഇംഗ്ലണ്ടിന്റെ കയ്യിലുള്ളത്. ജയം നിലനിര്‍ത്തുകയെന്ന വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെങ്കില്‍ കൂടുതല്‍ കരുത്തുകാട്ടുകയെന്ന ലക്ഷ്യമായിരിക്കും ഇംഗ്ലണ്ട് മുന്നില്‍ കാണുന്നത്.
ലോകകപ്പ് ബി ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ടീമുകളുടെ പോരാട്ടത്തിനാണ് ബാംഗ്ലൂരിലെ ക്രിക്കറ്റ് ആരാധകര്‍ ഉദ്വേഗത്തോടെ കാത്തിരിക്കുന്നത്. ഇതില്‍ അതിജീവനം നേടുന്നവര്‍ക്ക് ക്വാട്ടറിലേയ്ക്ക് ഈസിയായി പ്രവേശിക്കാം.
ഇതുവരെയുള്ള കണക്കുകള്‍ ഇന്ത്യയെ തുണയ്ക്കുന്നതാണ്. ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ 70 ഏകദിനങ്ങള്‍ കളിച്ചതില്‍ 38ല്‍ ഇന്ത്യ ജയിച്ചു, ഇംഗ്ലണ്ട് 30ഉം. ഇന്ത്യ ഒടുവില്‍ ഇഗ്ലണ്ടിനെ ലോകകപ്പില്‍ നേരിട്ടത് 2003ല്‍ ഡര്‍ബനിലാണ്. അന്ന് 215 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.
ലോകകപ്പില്‍ ഇരുടീമുകളും ആറു തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് ജയങ്ങള്‍ വീതം പങ്കിട്ടു. ലോകകപ്പുകളില്‍ ഇന്ത്യ 59 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 33 എണ്ണം ജയിച്ചു. ഇംഗ്ലണ്ട് 60ല്‍ 37 ജയം നേടി.
ഇന്ത്യയുടെ ബാറ്റിങ്നിര ഭദ്രമാണ്. ബൗളര്‍മാരില്‍ ചിലര്‍ മാറ്റിപ്പരീക്ഷിച്ചേയ്ക്കാനിടയുണ്ട്.
ശ്രീശാന്ത് കളിക്കാനുള്ള സാധ്യത നിലനില്ക്കുന്നു. പുറംവേദന മൂലം ആദ്യമത്സരം കളിക്കാതിരുന്ന നെഹ്റ പൂര്‍ണമായും ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ല. ശ്രീശാന്തിന് പകരം പീയൂഷ് ചൗളയെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
അതേസമയം വിരേന്ദര്‍ സെവാഗ് കളിക്കുമെന്നുറപ്പായിട്ടുണ്ട്. മധ്യനിരയില്‍ ഇടം കണ്ടെത്താന്‍ കോഹ്ലി, സുരേഷ് റെയ്ന, ഗൌതം ഗംഭീര്‍, യുവരാജ് സിങ് എന്നിവരുമുണ്ട്.
എന്തൊക്കെയായാലും ബാംഗ്ലൂരില്‍ കുറച്ചുദിവസങ്ങളായി വൈകുന്നേരങ്ങളില്‍ പെയ്യുന്ന മഴ കളിയ്ക്ക്ചെറിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ശനിയാഴ്ചയും വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മാച്ചിനുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല