സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിലുണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ക്കിടെ മരിച്ച ചാവേര്‍ ഭീകരന് തൈമൂര്‍ അബ്ദുള്‍ വഹാബ് അല്‍ അബ്ദലയിനെ ഭീകരതയുടെ വഴിയിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണെന്ന് സൂചന.
ഇറാക്ക് വംശജനായ അബ്ദലയിന്റെ ഭാര്യ മോണാ തവാനിക്കും ഇറാക്കില്‍ വേരുകളുണ്ട്. ഇരുപത്തൊന്പതാം ജന്മദിനത്തോടനുബന്ധിച്ച് ജീവന് വെടിഞ്ഞ് പോരാടാനായി ഭര്‍ത്താവിന് ആത്മധൈര്യം നല്കി അയച്ചത് മോണയാണെന്ന് അവരുടെ വൃദ്ധമുത്തശ്ശി മരിയാ നെദെല്‍കോവികി പറയുന്നു.
മാലാഖമാരെപ്പോലെ സുന്ദരികളായ രണ്ടു പെണ്‍കുഞ്ഞുങ്ങളെയും ആറു മാസം മാത്രമെത്തിയ മകനെയും ഉപേക്ഷിച്ചാണ് അബ്ദലയ് സ്റ്റോക്ഹോമില് മനുഷ്യബോംബായി പൊട്ടിച്ചിതറിയത്. എല്ലാ ലൗകിക കെട്ടുപാടുകളും മറന്ന് പ്രസ്ഥാനത്തെ മാത്രം മനസ്സില്‍ കണ്ട് പോകാന്‍ ഭര്‍ത്താവിനോട് മോണ പറയുകയായിരുന്നത്രേ.
സ്വീഡനില്‍ റേഡിയോ ജോക്കിയായിരുന്ന അബ്ദലയ് ബിയര്‍ കഴിക്കുകയും ജീന്‍സ് ധരിച്ച് ആടിപ്പാടി നടക്കുകയും പോപ് സംഗീതം ഇഷ്ടപ്പെടുകയും ചെയ്യുന്ന ചെറുപ്പക്കാരനായിരുന്നു. അവിടെനിന്ന് അയാളെ ഒരു ചാവേര്‍ ഭീകരനായി ഭാര്യ മനംമാറ്റിയെടുക്കുകയായിരുന്നത്രേ.
അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തോടെയാണ് മോണ കടുത്ത മതമൗലികവാദിയായി മാറിയതെന്ന് മുത്തശ്ശി പറയുന്നു. ഒരു പക്ഷേ, അമേരിക്ക ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തിയ ആക്രമണങ്ങള്‍ അതിന് അവരെ കൂടുതല്‍ പ്രേരിപ്പിച്ചിരിക്കാം. മോണ തന്നെയാണ് ഭര്‍ത്താവിനെ ഭീകര ക്യാമ്പില്‍ എത്തിക്കുന്നതും ഭീകരരുമായി അടുപ്പമുണ്ടാക്കിക്കുന്നതും.
ബെഡ്ഫോര്‍ഡ് ഷയറിലെ ലൂട്ടനിലേക്ക് താമസം മാറിയതോടെ അബ്ദലയില്‍ വലിയ മാറ്റങ്ങള്‍ വന്നുവെന്ന് മുത്തശ്ശി പറയുന്നു. പഴയ സ്വഭാവങ്ങളൊക്കെ മാറി കടുത്ത മതനിഷ്ഠയുള്ള ഒരാളായി അബ്ദലയ് മാറി.
ഇറാക്കില്‍ ജനിച്ച ഇയാള്‍ 2004 മുതല്‍ ലൂട്ടണില്‍ താമസമാണ്. ഭീകരരുടെ പറുദീസപോലെ മാറിയിട്ടുള്ള ല്യൂട്ടണിലായിരുന്നു ഇയാള്‍ കൂടുതലും ചെലവഴിച്ചതും ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം താമസിച്ചതും. മോണയും കുട്ടികളും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് മധ്യ സ്റ്റോക്ഹോമിലെ ഷോപ്പിങ് സെന്ററില്‍ സ്ഫോടനങ്ങള്‍ നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറിലായിരുന്നു ആദ്യ സ്ഫോടനം. തൊട്ടുപിന്നാലെ നടന്ന രണ്ടാമത്തെ സ്ഫോടനത്തിലാണ് അബ്ദലയ് മരിച്ചത്.
സംഭവത്തിന് മിനിട്ടുകള്ക്കു മുന്‍പ് തീവ്രവാദികളുടെ സന്ദേശം സ്വീഡിഷ് വാര്‍ത്താ ഏജന്‍സിക്ക് ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലുള്ള നാറ്റോ സേനയില്‍നിന്ന് സ്വീഡിഷ് സൈന്യത്തെ പിന്‍വലിക്കണമെന്ന് തീവ്രവാദികള്‍ സന്ദേശത്തില്‍ ആവശ്യപെ്പട്ടു. ഇതുകൂടാതെ, പ്രവാചകന്റെ ചിത്രം ഒരു സ്വീഡിഷ് ചിത്രകാരന് വരച്ചതിനെയും സന്ദേശത്തില്‍ അപലപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല