കൊളംബോ: യോര്‍ക്കര്‍ പന്തുകളുടെ രാജകുമാരന് ലസിത് മലിംഗ് തീക്കാറ്റായി പറന്നിറങ്ങിയപ്പോള്‍ ലങ്കക്കെതിരായ മല്‍സരത്തില്‍ കെനിയക്ക് ഒമ്പത് വിക്കറ്റിന്റെ കനത്ത തോല്‍വി. ഹാട്രിക് അടക്കം ആറുവിക്കറ്റ് നേടിയ മലിംഗയാണ് കളിയിലെ താരം. സ്കോര്‍: കെനിയ 142, ലങ്ക 1/146.
തുടര്‍ച്ചയായ രണ്ടാംലോകകപ്പിലും ഹാട്രിക് നേടുന്ന ബൗളര്‍ എന്ന പദവിയാണ് ലസിത് മലിംഗ് സ്വന്തമാക്കിയത്. ആദ്യ സ്പെല്ലില് വിക്കറ്റുവീഴ്ത്താനായില്ലെങ്കിലും രണ്ടാം സ്പെല്ലിലാണ് മലിംഗ വിനാശം വിതച്ചത്. കണ്ണടച്ചുതുറക്കും മുമ്പേ സ്റ്റംമ്പിനെ പിളര്‍ന്ന മൂന്നു യോര്‍ക്കറുകള്‍. കെനിയന്‍ ബാറ്റ്സ്മാന്മാര് പന്തെവിടെയെന്നുപോലും കണ്ടിരുന്നില്ല.
42ാം ഓവറിന്റെ ആദ്യപന്തില്‍ അവസാനപന്തില്‍ തന്മയ് മിശ്രയെ പുറത്താക്കിയാണ് മലിംഗ് ഹാട്രിക് നേട്ടത്തിന് തുടക്കമിട്ടത്. തന്റെ അടുത്ത ഓവറിലെ ആദ്യ രണ്ടുപന്തുകളില്‍ പീറ്റര്‍ ഓഗോണ്ടോയെയും എന്ഗോച്ചെയും പവലിയനിലേക്കയച്ചു. വീണ്ടും ഒരുപന്തിന്റെ മാത്രം ഇടവേളയില്‍ നാലാംവിക്കറ്റും മലിംഗ് കീശയിലാക്കി.
2007ലെ ലോകകപ്പിലും മലിംഗ ഹാട്രിക് നേടിയിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയുടെ ജാകസ് കാലിസ്, എന്‍ടിനി, പൊള്ളോക്ക്, ആന്‍ഡ്രൂ ഹാള്‍ എന്നിവരായിരുന്നു മലിംഗയുടെ ഇരകളായത്.
മലിംഗയുടെ തീപ്പന്തുകളില്‍ തകര്‍ന്ന കെനിയ വെറും 142 റണ്‍സിന് പുറത്തായി. കോളിന് ഒബൂയയും (52), ഡേവിഡ് ഒബൂയയുമാണ് (51) അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക വളരെ വേഗത്തില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. ഓപ്പണര്‍മാരായ ദില്ഷന് 44, തരംഗ 67*, ക്യാപ്റ്റന്‍ സംഗക്കാര 27 എന്നിവര്‍ ടീമിനായി മികച്ച പ്രകടനം നടത്തി.
ഗ്രൂപ്പ് എ: ടീം, പോയിന്റ്
a ന്യൂസിലാന്‍ഡ്- 2
b ശ്രീലങ്ക -4
c കാനഡ -0
d കെനിയ -0
e ആസ്ട്രേലിയ -4
f പാക്കിസ്ഥാന് -4
g സിംബാവേ -2
ഗ്രൂപ്പ് ബി: ടീം, പോയിന്റ്
a ഇന്ത്യ -3
b ബംഗ്ലാദേശ് -2
c ഇംഗ്ലണ്ട് -3
e ദക്ഷിണാഫ്രിക്ക -2
f വെസ്റ്റ്ഇന്‍ഡീസ് -2
g അയര്‍ലാന്റ് -0
h നെതര്‍ലാന്റ് -0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല