2 ജി സ്‌പെക്ട്രം അഴിമതിയിലൂടെ ലഭിച്ച 3000 കോടി രൂപയില്‍ ഒരു ഭാഗം മുന്‍ ടെലികോംമന്ത്രി എ. രാജ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വഴി വിദേശത്തേക്ക് കടത്തിയെന്ന ആരോപണം സിബിഐ പരിശോധിക്കുന്നു. മൗറീഷ്യസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് രാജ പണം കടത്തിയെന്ന ആരോപണത്തില്‍ ഉടന്‍ തെളിവു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നാതിയ സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. വിദേശ ഏജന്‍സികളുടെ സഹായത്തോടെ, രാജ ടെലികോം കമ്പനികള്‍ക്കു നല്‍കിയ സഹായത്തിന്റെ വിവരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടെ തീഹാര്‍ ജയിലില്‍ കഴിയുന്ന രാജയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേസിന്റെ വാദം നടത്താന്‍ അനുമതി. ഡല്‍ഹി കോടതിയാണ് രാജയുടെ വാദം അംഗീകരിച്ചുകൊണ്ട് ഉത്തരവിട്ടത്.റിമാന്‍ഡ് കാലാവധി സംബന്ധിച്ച നടപടികളില്‍ വാദിക്കാനായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ ഈ ആവശ്യം ഉന്നയിച്ചത്. ജയില്‍ വാനിലുള്ള യാത്ര സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണെന്ന് രാജ വാദിച്ചു.രാജയുടെ ആവശ്യത്തെ സ്‌പെഷ്യല്‍ സിബിഐ ജഡ്ജി ഒ പി സൈനിയും അനുകൂലിച്ചു. രാജയെ പാര്‍പ്പിച്ചിട്ടുള്ള തീഹാര്‍ ജയിലിലും പട്യാല ഹൗസ് കോടതിയിലും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമുള്ളതിനാല്‍ ഈ ആവശ്യം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല