65 പെന്നി മാത്രം വിലയുള്ള ലൈറ്റ്ബള്‍ബുകള്‍ 22പൗണ്ട് വിലനല്‍കി പ്രതിരോധമന്ത്രാലയം വാങ്ങിയെന്ന കാര്യം വെളിച്ചത്തായി. ഓണ്‍ലൈനില്‍ 2.60പൗണ്ട് മാത്രം വിലയുള്ള സ്ക്രൂകള്‍ 103 പൗണ്ട് വരെ കൊടുത്ത് വാങ്ങിയെന്നും പ്രതിരോധ മേധാവി വെളിപ്പെടുത്തി.
വിവിധ സൈനികവിഭാഗങ്ങളിലെ ആളുകളുടെ എണ്ണം എങ്ങിനെ കുറയ്ക്കണമെന്ന നിര്‍ദേശം പുറത്തുവന്ന് ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. സൈന്യത്തിലെ 11,000ലധികം തസ്തികകള്‍ കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.
ധൂര്‍ത്തടിച്ചുള്ള ഇത്തരം ചിലവാക്കലിനെതിരേ പ്രതിരോധ സെക്രട്ടറി ലിയം ഫോക്സ് രംഗത്തെത്തിയിട്ടുണ്ട്. യാതൊരു കോമണ്സെന്സുമില്ലാതെയാണ് ചിലവഴിക്കല്‍ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ലേബര്‍ സര്‍ക്കാര്‍ നികുതിദായകരുടെ പണം ധൂര്‍ത്തടിച്ചു കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പൊതുധനം ഇങ്ങനെ ചിലവഴിക്കുന്നത് കണ്ടുനില്‍ക്കാനാവില്ലെന്ന് യു.കെയിലെ സ്റ്റോറില്‍ പ്രവര്‍ത്തിക്കുന്ന സൈനികന് പറഞ്ഞു.
കൂടുതല്‍ തുക നല്കി ഇതുപോലെയുള്ള ആയിരക്കണക്കിന് ലൈറ്റ്ബള്‍ബുകള്‍ പ്രതിരോധമന്ത്രാലയം വാങ്ങിയിട്ടുണ്ടെന്നും കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ പഴ്ച്ചിലവ് കുറയ്ക്കാനാകുമെന്നും സൈനികന് പറഞ്ഞതായി ‘ ദി സണ്‍’ റിപ്പോര്‍ട്ട് ചെയ്തു. നികുതിദായകരുടെ പണം എങ്ങിനെ അനാവശ്യമായി ചിലവഴിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ഫോക്സ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല