സ്വന്തം ലേഖകന്‍
ആരെന്തു ചോദിച്ചാലും ഒരു പുഞ്ചിരിയോടെ മറുപടി പറയുന്ന പെണ്‍കുട്ടി ..ഇളയ സഹോദരങ്ങളുടെ കാര്യങ്ങള്‍ ഒരമ്മയുടെ വാത്സല്യത്തോടെ നോക്കി മാതാപിതാക്കള്‍ക്ക് കൈത്താങ്ങായവള്‍ …. സ്കൂളിലെ കൂട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവള്‍ ..സ്കൂള്‍ ഫുട്ബോള്‍ ടീമിലെ അംഗം….എല്ലാ മാസവും നടക്കുന്ന മലയാളം കുര്‍ബാനയിലും അനുബന്ധ ശുശ്രൂഷകളിലും കലാപരിപാടികളിലും കുട്ടികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയവള്‍ .
അങ്ങിനെ എന്തുകൊണ്ടും ആരെയും വളരെപ്പെട്ടെന്നു ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അലീനയെന്ന കൊച്ചു മിടുക്കി.മധുരസ്വപനങ്ങളുടെ പൂങ്കാവനത്തില്‍ ഒരു ശലഭമായി പറക്കേണ്ടവളെ കൌമാരത്തിന്റെ പടിവാതില്‍ക്കല്‍ വച്ചു തന്നെ ദൈവം തിരികെ വിളിച്ചിരിക്കുന്നു.ഒരു പക്ഷെ ദൈവത്തിനെ അവളെ കൂടുതല്‍ ഇഷ്ട്ടമായിരുന്നിരിക്കണം.അതുകൊണ്ടായിരിക്കണം ഈ ലോകത്തിന്‍റെ വക്രതകള്‍ അറിയും മുന്‍പേ ഈ കുഞ്ഞു മാലാഖയെ ദൈവം തിരികെയെടുത്തത്.
ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു രാവിലെ സ്കൂളിലേക്ക് പോയപ്പോള്‍ അത് അലീനയുടെ അവസാനയാത്രയാകുമെന്നു ആരും കരുതിയിരുന്നില്ല.വൈകിട്ട് വീട്ടില്‍ സഹോദരങ്ങളുമായി കളിചിരിയുമായി കഴിയെണ്ടവള്‍ ഇപ്പോള്‍ കൂടെയില്ല.രാവിലെ സ്കൂളില്‍ പോകാന്‍ ബസില്‍ കയറുന്ന സമയത്ത് ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് അലീന തന്‍റെ പ്രിയപ്പെട്ടവരെ തനിച്ചാക്കി ദൈവ സന്നിധിയിലേക്ക് യാത്രയായത്.വിവരമറിഞ്ഞ് നൂറുകണക്കിന് മലയാളികള്‍ ആസ്പത്രിയിലും വൈകിട്ട് ബിജുവിന്റെ വീട്ടിലും എത്തിച്ചേര്‍ന്നിരുന്നു.
എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് ആര്‍ക്കുമറിയില്ല.ഒരു തരം നിര്‍വികാരത ആയിരുന്നു വന്നു ചേര്‍ന്ന ആളുകളുടെ മുഖത്ത്.ദൈവം എന്തിനീ കുട്ടിയെ തിരികെ വിളിച്ചൂ എന്ന് പലരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.ബന്ധുക്കളെയും കുടുംബ സുഹൃത്തുക്കളെയും അലീനയുടെ കൂട്ടുകാരെയും കെട്ടിപ്പിടിച്ച് ബിജുവും ഷെമിയും കരഞ്ഞപ്പോള്‍ വിതുമ്പലടക്കാന്‍ കണ്ടു നിന്നവര്‍ പാടുപെടുകയായിരുന്നു.
കോര്‍ എപിസ്കോപ ഫാദര്‍ എല്‍ദോസ് കവുങ്ങുംപിള്ളിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം ബിജുവിന്റെ സെല്ലി ഓക്കിലെ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ ബിജുവിന്റെ വീട്ടിലെത്തിയിരുന്നു.ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നും പ്രായഭേദമേന്യേ ഏവര്‍ക്കും സുനിശ്ചിതമായ മരണത്തിലൂടെ അലീന മോള്‍ സ്വര്‍ഗരാജ്യത്തില്‍ ദൈവത്തിന്‍റെ വലതുഭാഗത്ത് എത്തിയെന്ന് വിശ്വസിക്കണമെന്നും തന്‍റെ സന്ദേശത്തില്‍ കോര്‍ എപിസ്കോപ ഉദ്ബോധിപ്പിച്ചു.ഈ വരുന്ന ഞായറാഴ്ച (MARCH 6 ) ബിര്‍മിംഗ് ഹാമില്‍ അലീന മോള്‍ക്ക് വേണ്ടി പ്രത്യേക കുര്‍ബാനയും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല