ഇന്ത്യക്ക്, പ്രത്യേകിച്ച് കേരളത്തിന് വര്‍ഷാവര്‍ഷം കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന ഗള്‍ഫെന്ന തൊഴില്‍ വിപണി തകരുകയാണ്. നിലവിലെ സര്‍ക്കാരിനെതിരെ ഈജിപ്തില്‍ ആരംഭിച്ച പ്രക്ഷോഭം ഇപ്പോള്‍ ഗള്‍ഫ് മേഖലയും കടന്ന് ഏഷ്യ മുഴുവന്‍ വ്യാപിക്കുന്ന കാഴ്ചയാണെങ്ങും. പ്രക്ഷോഭം കൊടുമ്പിരി കൊണ്ടാല്‍ ഇന്ത്യ, പ്രത്യേകിച്ച് കേരളം കനത്ത വില നല്‍കേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ജനകീയ പ്രക്ഷോഭം രൂക്ഷമായ ലിബിയയില്‍ നിന്ന് പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് മടങ്ങി എത്തിയിരിക്കുന്നത്. ഇവരില്‍ നിരവധി മലയാളികളും ഉണ്ട്. ഈജിപ്തില്‍ നല്ല രീതിയില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഒട്ടനവധി പ്രവാസികള്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് തങ്ങളുടെ സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു.
ഈജിപ്തിനും ലിബിയയ്ക്കും ശേഷം ടുണീഷ്യ, മൊറോക്കോ, യെമെന്‍, സൌദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലും പ്രക്ഷോഭം കൊടുമ്പിരി കൊള്ളാന്‍ തുടങ്ങുകയാണ്. കേരളീയരായ അനേകം പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളാണിവ. പ്രക്ഷോഭം ശക്തമാകുന്നതോടെ ഈജിപ്തില്‍ നിന്നും ബിബിയയില് നിന്നും ഒഴിപ്പിച്ച രീതിയില്‍ ഈ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ ഒഴിപ്പിക്കേണ്ടി വരും. ഇതോടെ ഇവരില്‍ നിന്നുള്ള വിദേശ്യനാണ്യത്തിന്റെ വരവ് നിലയ്ക്കും എന്ന് മാത്രമല്ല രാജ്യത്തെ തൊഴിലില്ലായ്മ കൂട്ടുകയും ചെയ്യും.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രക്ഷോഭങ്ങള്‍ മലയാളികളെ ബാധിക്കില്ലെന്നും കൂട്ടത്തോടെ ഒഴിഞ്ഞുപോകേണ്ട സ്ഥിതി എങ്ങുമില്ലെന്നും പ്രവാസി വ്യവസായ പ്രമുഖന് എം.എ. യൂസഫലി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു എങ്കിലും സ്ഥിതിഗതികള്‍ അത്ര സുഖകരം അല്ലെന്നാണ് ഗള്‍ഫില്‍ നിന്ന് കൂട്ടത്തോടെ രാജ്യത്ത് തിരിച്ചെത്തുന്നവര്‍ പറയുന്നത്. മേഖലയില്‍ നിലവിലെ സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്നവര്‍ ‘മണ്ണിന്റെ മക്കള്‍’ വാദമാണ് ഉയര്‍ത്തുന്നതെന്നും അന്യദേശക്കാരെ ശത്രുക്കളായാണ് കരുതുന്നതെന്നും മടങ്ങിയെത്തിയ പ്രവാസികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല