സഹായം ചോദിക്കുന്നത് മമ്മൂട്ടിയാണ്, അതും ജീവകാരുണ്യപ്രവര്‍ത്തനത്തിന്. കോട്ടയത്തെ പുതുപ്പള്ളി കുഴിയിടത്തറ കുടുംബാംഗവും അബുദാബി ഷെര്‍വുഡ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഉടമയുമായ സുശീല ജോര്‍ജ്ജ് പിന്നെയൊന്നും ആലോചിച്ചില്ല. നിര്‍ധനരായ കുരുന്നുകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് താന്‍ ഒരു കോടി രൂപാ ധനസഹായം തരാമെന്ന് ട്വിറ്ററിലൂടെ സുശീല ജോര്‍ജ്ജ് ലോകത്തെ അറിയിച്ചു. സ്കൂള്‍ മാനേജര്‍ നെബു മാത്യു ഈ ധനസഹായത്തിന്റെ ആദ്യ ഗഡു കോട്ടയത്തുവച്ച് മമ്മൂട്ടിക്ക് കൈമാറുകയും ചെയ്തു.
നിര്‍ദ്ധനരും 12 വയസ്സില്‍ താഴെയുള്ളവരുമായ ഹൃദ്രോഗികള്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്താന്‍ മുന്‍കൈ എടുക്കുന്ന ‘കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷ’ന്റെ മുഖ്യ രക്ഷാധികാരിയാണ് മമ്മൂട്ടി. ഈ സംഘടനയ്ക്ക് വേണ്ടിയാണ് മമ്മൂട്ടി തന്റെ ബ്ലോഗിലൂടെ സഹായാഭ്യര്‍ത്ഥന നടത്തിയത്. സഹായാഭ്യര്‍ഥന നടത്തി ഒരാഴ്ചക്കുളളില്‍ എത്തിയത് കോടികളുടെ സഹായം. ചെറുതും വലുതുമായി പലയാളുകളും സംഘടനയ്ക്ക് സംഭാവന നല്കി. അതില്‍ ഏറ്റവുമധികം തുക നല്‍കിയിരിക്കുന്നത് സുശീല ജോര്‍ജ്ജാണ്.
ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരിക്കുന്ന സുശീല ജോര്‍ജ്ജ് ആദ്യഗഡുവായി നല്‍കിയിരിക്കുന്നത് ഇരുപത് ലക്ഷമാണ്. ‘ബോംബെ മാര്‍ച്ച് 12’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കോട്ടയം നട്ടാശേരി എസ്എച്ച് സ്കൂളില്‍ വച്ച് ഞായറാഴ്ചയാണ് ഈ തുക മമ്മൂട്ടിക്ക് കൈമാറിയത്. ‘നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്നെ പൂര്‍ണ്ണമായി വിശ്വസിക്കാം. നിങ്ങള്‍ നല്കുന്ന ഒരു നാണയത്തുട്ടുപോലും ചോര്‍ന്നു പോവില്ല’ എന്നാണ് സഹായം ഏറ്റുവാങ്ങിക്കൊണ്ട് മമ്മൂട്ടി പറഞ്ഞത്.
കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന് മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, റോബര്‍ട്ട് പളളിക്കത്തോട്, നോബി ഫിലിപ്പ് പാടാച്ചിറ, ചലച്ചിത്ര താരം സിദ്ദിഖ്, സംവിധായകന് ബാബു ജനാര്ദനന്, സുരേന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കെയര്‍ ആന്‍ഡ് ഷെയറിന്റെ നേതൃത്വത്തില്‍ ഇതിനകം തന്നെ രോഗബാധിതരായ 60 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല