ഒടുവില്‍ വഴിപിരിയാനിരുന്ന കോണ്‍ഗ്രസും ഡിഎംകെയും വീണ്ടും കൂട്ടായി. ഇരുകക്ഷികള്‍ക്കുമിടയിലുള്ള സീറ്റ് വിഭജനത്തര്‍ക്കം പരിഹരിച്ചു. ഡിഎംകെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിക്കില്ല.
തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഡിഎംകെ മന്ത്രിമാരായ എംകെ അഴഗിരി, ദയാനിധി മാരന്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കഴിഞ്ഞതവണ മല്‍സരിച്ച 48 സീറ്റുകളും അവര്‍ക്കുതന്നെ നല്‍കും. ഇതിനു പുറമേ നല്‍കാമെന്നു പറഞ്ഞ ബാക്കി 12 സീറ്റുകള്‍ ഏതൊക്കെയെന്നകാര്യം ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കും.
63സീറ്റുകള്‍ എന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നാല്‍ പിഎംകെയില്‍നിന്ന് ഈ സീറ്റുകള്‍ നല്‍കാമെന്നാണു ഡിഎംകെ നല്‍കിയിരിക്കുന്ന വാഗ്ദാനം.
അതേസമയം 2ജി സ്‌പെക്ട്രം അഴിമതികേസിലടക്കം ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായഭിന്നതയ്ക്കിടയാക്കിയ വിഷയങ്ങളിലും ചില ധാരണകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
തിങ്കളാഴ്ച മന്ത്രിമാരെ പിന്‍വലിക്കാനായിരുന്നു ഡിഎംകെയുടെ തീരുമാനം. എന്നാല്‍ വൈകുന്നേരത്തോടെ ഈ തീരുമാനം നീട്ടിവച്ചു. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഏതു വിധേനയും പ്രശ്‌നം പരിഹരിക്കാന്‍ ഒരു ദിവസത്തെ സമയം കൂടി നല്‍കണമെന്നു കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം. കരുണാനിധിയോട് ടെലിഫോണില്‍ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.
കോണ്‍ഗ്രസ് 63 സീറ്റ് ആവശ്യപ്പെടുകയും ഇഷ്ടപ്പെട്ട മണ്ഡലങ്ങള്‍ തെരഞ്ഞെടുക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതാണു ഡിഎംകെയെ ചൊടിപ്പിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച 48 സീറ്റിനു പകരം 60 സീറ്റ് കോണ്‍ഗ്രസിനു നല്‍കാമെന്നു ഡിഎംകെ വാഗ്ദാനം ചെയ്‌തെങ്കിലും 63 സീറ്റ് വേണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കടുംപിടിത്തം തുടരുകയായിരുന്നു.
തുടര്‍ന്നു യു.പി.എ. സര്‍ക്കാരില്‍നിന്നു പിന്മാറുകയാണെന്നു കരുണാനിധിയും പ്രഖ്യാപിച്ചു. തങ്ങളുടെ ആറു മന്ത്രിമാരെയും പിന്‍വലിക്കുകയാണെന്നും യു.പി.എയ്ക്ക് ഇനി പ്രശ്‌നാധിഷ്ഠിത പിന്തുണ മാത്രമേയുള്ളുവെന്നും കരുണാനിധി വ്യക്തമാക്കുകയായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല