വനിതാ ജീവനക്കാര്‍ മാത്രമുള്ള നിരവധി വിമാന സര്‍വീസുകള്‍ അന്താരാഷ്ട്ര വനിതാ ദിനമായ ചൊവ്വാഴ്ച ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പറന്നുയരും. രാജ്യത്തിനകത്തും പുറത്തുമായി സര്‍വീസ് നടത്തുന്ന നിരവധി എയര്‍ ഇന്ത്യ വിമാനങ്ങളുടെ വിമാനങ്ങളുടെ നിയന്ത്രണം പൂര്‍ണ്ണമായും വനിതകള്‍ക്ക് മാത്രമായിരിക്കും എന്നതാണ് പ്രത്യേകത.
പൈലറ്റുമാരും ക്യാബിന് ക്രൂവും ഉള്‍പ്പെടെ പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന 15 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് വിമാനം ഡല്‍ഹിയില്‍ നിന്ന് ടൊറോന്റോയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
കോഴിക്കോട്-മുംബൈ സെക്ടറില്‍ സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 302-ല്‍ മുഴുവന്‍ വനിതാ ജീവനക്കാരായിരിക്കും. ഡല്‍ഹി-പാറ്റ്ന, ഡല്‍ഹി-റായ്പൂര്‍-നാഗ്പൂര്‍, ഡല്‍ഹി-ലക്നൌ, മുംബൈ-ബാംഗ്ലൂര്‍, ചെന്നൈ-മുംബൈ, ബാംഗ്ലൂര്‍-ഡല്‍ഹി തുടങ്ങിയ ആഭ്യന്തര സര്‍വീസുകളും വനിതകളായിരിക്കും നിയന്ത്രിക്കുക.
വിമാനം പറത്തല്‍ മാത്രമല്ല, വിമാനം പുറപ്പെടുന്നതിന് മുമ്പുള്ള സുരക്ഷാകാര്യങ്ങള്‍ നോക്കുന്നതും വനിതാ എഞ്ചിനീയര്‍മാരായിരിക്കും എന്ന പ്രത്യേകതയും വനിതാദിനത്തില്‍ ഉണ്ട്.
അഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലായി 157 വനിത പൈലറ്റുമാരാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. വിവിധ വിഭാഗങ്ങളിലായി മൊത്തം 5,300 സ്ത്രീകളാണ് എയര്‍ഇന്ത്യയില്‍ ജോലിനോക്കുന്നത്.
100 വര്‍ഷം പൂര്‍ത്തിയാക്കുന്ന രാജ്യത്തെ സിവില്‍ ഏവിയേഷന്‍ വിഭാഗം വനിത ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച വനിതാ ജീവനക്കാരെ ആദരിക്കുന്നുണ്ട്. ആദ്യത്തെ വനിത എയര്‍ലൈന്‍ കമാന്ററായിരുന്ന ക്യാപ്റ്റന്‍ ദര്‍ബാ ബാനര്‍ജി, ആദ്യ പൈലറ്റുമാരില്‍ ഒരാളായിരുന്ന ചന്ദ ബുധഭാട്ടി എന്നിവരെയും ചടങ്ങില്‍ ആദരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല