മോഷണം,മോഷണം,മോഷണം.ഈ ക്രിസ്മസ് നാളുകളിലെ ബ്രിട്ടനിലെ ഏതു മലയാളി കൂട്ടായ്മയിലെയും ചര്‍ച്ചാവിഷയമാണിത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു ഡസനോളം മലയാളി കുടുംബങ്ങളാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ബ്രിട്ടനില്‍ ശമനമില്ലാതെ തുടരുന്ന മോഷണ പരമ്പരയില്‍ മലയാളികള്‍ ഇരയാവുന്നത് തുടരുമ്പോള്‍ എന്ത് വേണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് പലരും. മോഷ്ടാക്കള്‍ എന്തിനും സജ്ജരായി എത്തുമ്പോള്‍ അവര്‍ക്കുമുന്നില്‍ നിസ്‌സഹായരായി നില്‍ക്കുകയല്ല വേണ്ടത്. അല്പം ബുദ്ധി ഉപയോഗിച്ചാല്‍ നമ്മുടെ വീട് മോഷ്ടാവിന് എളുപ്പം കയറാന്‍ കഴിയാത്തതാക്കി മാറ്റാം.
നിസ്സാരമെന്ന് തോന്നുമെങ്കിലും നമ്മളെല്ലാം നിശ്ചയമായും ഓര്‍ത്തിരിക്കേണ്ട മുന്‍കരുതലുകള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്
വീട് ആള്‍പ്പെരുമാറ്റമുള്ളതാണെന്ന തോന്നല്‍ എപ്പോഴും സൃഷ്ടിക്കുക.
പുറത്തു പോവുമ്പോള്‍ കര്‍ട്ടനുകള്‍ മൂടിയിടരുത്. ഇത് ആളില്ലാത്ത വീടാണെന്ന തോന്നലുണ്ടാക്കും.ലൈറ്റുകള്‍ ഇടയ്ക്കിടെ കത്തുകയും അണയുകയും ചെയ്യാനായി ഓട്ടോമാറ്റിക് ടൈം സ്വിച്ചുകള്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക.
അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നെങ്കില്‍ പത്രം പാല്‍ എന്നിവ വീട്ടില്‍ വരുത്തുന്നവരാണെങ്കില്‍ നേരത്തേ വേണ്ടെന്നു പറയുക.
ടിവി, ലാപ്‌ടോപ് തുടങ്ങിയവ ജനലിലൂടെ പുറത്തുനിന്നു കാണാന്‍ പാകത്തില്‍ വയ്ക്കരുത്.
ചിലര്‍ പൂച്ചട്ടിക്കടിയിലും ചവിട്ടിക്കടിയിലുമൊക്കെ സ്‌പെയര്‍ കീ വച്ചുപോകാറുണ്ട്. കള്ളന്‍ ആദ്യം നോക്കുക ഇവിടെയൊക്കെയാവും.അതിനാല്‍ സ്‌പെയര്‍ കീ നല്ല അയല്‍ക്കാരനെ ഏല്‍പ്പിക്കുകയാവും ബുദ്ധി.
ജനാലകളും പിന്‍വാതിലും അടച്ചുവെന്ന് ഉറപ്പുവരുത്താതെ പുറത്തുപോകരുത്. കേടായ വിന്‍ഡോ പെയ്‌നുകള്‍ നിര്‍ബന്ധമായും നന്നാക്കുക.താരതമ്യേന ബലം കുറഞ്ഞ കതകുകള്‍ക്ക് ഹിന്‍ജ് ബോള്‍ട്ടുകള്‍ കരുത്തുപകരും. ചെലവും കുറവാണ്.
പുറത്തേയ്ക്കുള്ള എല്ലാ വാതിലുകള്‍ക്കും നല്ല ബോള്‍ട്ടുകള്‍ ഘടിപ്പിക്കുക.മള്‍ട്ടി ലോക്കിംഗ് സിസ്റ്റം ഇല്ലെങ്കില്‍ പാര്‍ഷ്യോ ഡോറുകള്‍ക്ക് മുകളിലും താഴെയും ലോക്ക് വയ്ക്കാന്‍ മറക്കരുത്.
ഫ്‌ളാറ്റിലോ അപ്പാര്‍ട്ടുമെന്റിലോ ആണ് താമസിക്കുന്നതെങ്കില്‍ പോര്‍ട്ടിക്കോയിലെ പ്രധാന വാതില്‍ നിങ്ങള്‍ പുറത്തുപോകുമ്പോഴും മറ്റും തുറന്നിടരുത്.പിന്‍വാതില്‍ വഴി കള്ളന്‍ കടന്നെത്താനുള്ള സാധ്യത ഒഴിവാക്കാനായി സൈഡ് പാസേജുകളില്‍ ബലമുള്ള പൂട്ടുകള്‍ തന്നെ ഉപയോഗിക്കുക.
ചുറ്റും ചരല്‍ക്കല്ല് വിതറിയാല്‍ ഒച്ചയുമുണ്ടാക്കാതെ എളുപ്പം കള്ളന് വീട്ടിനടുത്തേയ്‌ക്കെ എത്താനാവില്ല. ചരലില്‍ ചെരുപ്പ് ഉരയുന്ന ശബ്ദം നിശ്ശബ്ദമായ അന്തരീക്ഷത്തില്‍ നന്നായി കേള്‍ക്കാനാവും.
പുറത്തുനിന്നു വരുന്നവരെ കാണാന്‍ ഡോറില്‍ വ്യൂ ഫൈന്‍ഡര്‍ ഘടിപ്പിക്കുക. പിരിചയമില്ലാത്തവര്‍ വന്നാല്‍ ഡോര്‍ അല്പം മാത്രം തുറക്കാന്‍ പാകത്തില്‍ ചെയിന്‍ ഘടിപ്പിക്കുന്നതും നല്ലത്.
വീട്ടിലുള്ളപ്പോഴും മുന്‍വാതിലും പിന്‍വാതിലും അടച്ചുതന്നെയിടുക.ആരെങ്കിലും മുന്‍ വാതിലില്‍ മുട്ടിയാല്‍,പിന്‍ വാതില്‍ പൂട്ടിയിട്ടുണ്ടെന്നു ഉറപ്പാക്കിയത്തിനു ശേഷം ആരാണെന്ന് നോക്കുക.പിന്‍ വാതില്‍ തുറന്നാണ് കിടക്കുന്നതെങ്കില്‍ ഒരു പക്ഷെ ഗ്യാങ്ങായി വരുന്ന കള്ളന്മാര്‍ മുന്‍ വശത്തേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചതിനു ശേഷം പുറകില്‍ കൂടി അകത്തു കയറിയെക്കാം.
അര്‍ജന്റ്റ് ആയി ടോയ്‌ലറ്റ് ഉപയോഗിക്കണം.ഫോണ്‍ വിളിക്കണം തുടങ്ങിയ ആവശ്യങ്ങളുമായി വരുന്നവരെ പറ്റുമെങ്കില്‍ വീട്ടില്‍ കയറ്റാതിരിക്കുക.ഇത്തരക്കാരുടെ രൂപം മനസ്സില്‍ ഓര്‍ത്തു വയ്ക്കുക.
അവധിക്കു പോകുമ്പോള്‍ പോലീസിനെയും അലാം കമ്പനിയെയും അറിയിക്കുക.അയല്‍പക്കക്കാരനോട് ഇടക്കിടക്ക് അയാളുടെ കാര്‍ നിങ്ങളുടെ ഡ്രൈവ് വേയില്‍ ഇടാന്‍ പറയുക.ഇത് വീട്ടില്‍ ആളുണ്ടെന്ന തോന്നല്‍ ഉളവാക്കും
ലാന്‍ഡ് ഫോണില്‍ ഞങ്ങള്‍ അവധിക്കു പോകുകയാണ് എന്ന മെസേജ് ഇടരുത്.പകരം നിങ്ങളുടെ മൊബൈലിലേക്ക് കോള്‍ ഫോര്‍വേഡ് കൊടുക്കുക.
പുറത്തു പോവുന്നതിനു മുന്‍പ് വീടിനുള്ളില്‍ എല്ലായിടത്തും നടന്ന് വാതിലുകളും ജനലുകളും പൂട്ടിയെന്ന് ഒരിക്കല്‍ കൂടി ഉറപ്പു വരുത്തുക.
കഴിയുന്നതും കുറച്ചു സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുക.ഉള്ള സ്വര്‍ണത്തിന് നാട്ടിലെ ജ്വല്ലറിയില്‍ നിന്നുമുള്ള
രസീത് സൂക്ഷിക്കുന്നത് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ സഹായിക്കും. കൂടിയ അളവില്‍ സ്വര്‍ണം ഉള്ളവര്‍ ബ്രിട്ടനിലേക്ക് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ തന്നെ ബ്രിട്ടിഷ് കസ്റ്റംസ് അധികൃതരോട് ഈ സ്വര്‍ണം വെളിപ്പെടുത്തുന്നത് നന്നായിരിക്കും.നാട്ടിലെ രസീത് കൈവശം ഇല്ലെങ്കില്‍ ഇപ്രകാരമുള്ള വെളിപ്പെടുത്തല്‍ നിങ്ങളുടെ പക്കല്‍ സ്വര്‍ണമുണ്ടായിരുന്നു എന്നതിന് തെളിവാണ്.
സാധിക്കുമെങ്കില്‍ Burglar Alram,CCTV തുടങ്ങിയവ വാങ്ങുക.( ഇത് അധികച്ചിലവ് ആണെന്നു കരുതുന്നവര്‍ അന്‍പത് പൗണ്ടില്‍ താഴെ മാത്രം വില വരുന്ന Dummy Burglar Alram,CCTV എങ്കിലും വാങ്ങുക.)
വാതിലുകളും ജനലുകളും അകത്തു നിന്നും പൂട്ടിയതിനു ശേഷം താക്കോല്‍ അവിടെത്തന്നെ സൂക്ഷിക്കുന്ന പതിവ് മിക്ക മലയാളികള്‍ക്കുമുണ്ട്.സൂക്ഷിക്കുക ഇപ്രകാരം ചെയ്‌താല്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയിം പോലും നിരസിക്കപ്പെട്ടെക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല